രാജ്യത്തെ വ്യാപാരികൾ നിയമ – വ്യവഹാര കുരുക്കിൽ – ബി സി ഭാർട്ടിയ

Advertisement

പ്ളാസ്റ്റിക് നിരോധനം; വ്യാപാരികളുടെ സഹകരണം ഉറപ്പാക്കും – സി.എ.ഐ.ടി

പി. വെങ്കിട്ടരാമ അയ്യർ പ്രസിഡന്റ്, എസ്. എസ്. മനോജ് സംസ്ഥാന സെക്രട്ടറി ജനറൽ

തിരുവനന്തപുരം. .രാജ്യത്തെ വ്യാപാരികൾ നിയമ വ്യവഹാര – കുരുക്കിൽ അകപ്പെട്ടിരിക്കുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ പ്രസിഡന്റ് ശ്രീ. ബി. സി. ഭാർട്ടിയ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് സംസ്ഥാന സമിതി യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീട്ടെയിൽ വ്യാപാര മേഖലയിലേക്ക് പുതിയ പുതിയ നിയമക്കുരുകുകൾ തുടരെ തുടരെ സമ്മാനിക്കുന്ന പ്രവണത അടുത്ത കാലത്തായി വർദ്ധിച്ചു വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി മത്സരിക്കുന്നതും ചെറുകിട വ്യാപാര മേഖലയിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾക്ക് കച്ചവടം ചെയ്യുവാൻ സമയമില്ലാതായിരിക്കുന്നു. കുരുക്കിൽ നിന്നും കുരുക്കിലേക്ക് ആകപ്പെടുന്ന വ്യാപാരിയെ സംരക്ഷിക്കുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറല്ലാത്തതും ചെറുകിട വ്യാപാര മേഖലയെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഒരു വൻകിട കാർപ്പറേറ്റിന്റെ 25000 കോടിയിലധികം വരുന്ന ജി.എസ്.ടി നികുതി കുടിശ്ശിക ഒരു സർക്കുലറിലൂടെ നിസ്സാരമായി എഴുതിത്തള്ളുവാൻ വ്യഗ്രത കാട്ടിയവർ, ചെറുകിട വ്യാപാരികളുടെ ചെറിയ പിഴവുകൾ പോലും ഊതി വീർപ്പിച്ച് വൻ തുക പിഴയായി അടുപ്പിക്കുന്ന പ്രവണത ഈ മേഖലയിൽ ഇരട്ട നീതി നില നിൽക്കുന്നതിന്റെ തെളിവാണ്. എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ പി. വെങ്കിട്ടരാമയ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറലും ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്. എസ്. മനോജ് സംഘടനയുടെ സംസ്ഥാന – ദേശീയ കമ്മിറ്റികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്ലാസ്റ്റിക് നിരോധനം കേരളത്തിൽ നടപ്പാക്കുവാൻ വ്യാപാരികളുടെ പൂർണ സഹകരണം ഉറപ്പാക്കണം എന്ന പ്രമേയം സംസ്ഥാന സമിതി യോഗം പാസ്സാക്കി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കടകളിൽ സൂക്ഷിക്കുവാനോ പാടില്ല എന്ന് വ്യാപാരികളെ ബോധവൽക്കരിക്കും. നിയമവിരുദ്ധമായി ഇവ സൂക്ഷിച്ചിരിക്കുന്നവരെ സംരക്ഷിക്കില്ല എന്നും, ഉത്തരവാദിത്വമുള്ള സാമൂഹിക വ്യാപാരികൾ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
എന്നാൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈവശമുണ്ട് എന്ന രീതിയിൽ അനുവദനീയമായ ഉൽപ്പന്നങ്ങൾ പോലും ഗോഡൗണുകളിൽ നിന്നും റെയ്ഡ് നടത്തി പിടിച്ചടക്കുന്ന രീതിയെ ശക്തമായി എതിർക്കും. പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമല്ല എന്ന് ബോധ്യപ്പെടുത്തുവാനുള്ള അവസരം വ്യാപാരികൾക്ക് ലഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ശ്രീ. പി. വെങ്കിട്ടരാമ അയ്യരെ സംസ്ഥാന പ്രസിഡന്റായും ശ്രീ. എസ്. എസ്. മനോജിനെ സംസ്ഥാന സെക്രട്ടറി ജനറലായും യോഗം ഐകകണ്ഠേന വീണ്ടും തെരഞ്ഞെടുത്തു. ശ്രീ യഹിയ കോയ ആണ് പുതിയ ട്രഷറർ. മറ്റ് ഭാരവാഹികളായി ശ്രീ. എസ് അനിൽകുമാർ വികാസ് (വർക്കിംഗ് പ്രസിഡന്റ്), ശ്രീ അജിത്. കെ, മാർത്താണ്ഡൻ, ശ്രീ. ടോമി പുലിക്കാട്ടിൽ, ശ്രീ. ജോയ് ഡാനിയൽ, ശ്രീ. ജോർഫിൻ പേട്ട, ശ്രീ. മുജീബുർ റഹ്മാൻ (സീനിയർ വൈസ് പ്രസിഡന്റ്മാർ), ശ്രീ. പി എസ്. രാജൻ നായർ, അഡ്വക്കേറ്റ് സതീഷ് വസന്ത്, ശ്രീ. അബൂബക്കർ ഖാൻ റാഫി, ശ്രീ. കെ. എം. നാസറുദ്ദീൻ, ശ്രീ. പി. ആർ. ലിജു (വൈസ് പ്രസിഡന്റ്മാർ), ശ്രീ. ആർ വെങ്കിട്ട രാജ്, ശ്രീ. എസ്. കെ. നസീർ, ശ്രീ. പി. മാധവൻകുട്ടി, ശ്രീ. ബി സന്തോഷ് കുമാർ, ശ്രീ. കെ എസ്. സച്ചുലാൽ, ശ്രീ.കെ. കെ. ശുഹൈബ് മുഹമ്മദ് (സെക്രട്ടറിമാർ) എന്നിവർ അടങ്ങുന്ന സംസ്ഥാന ഭരണസമിതിയെ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Advertisement