ഉരുള്‍പൊട്ടിയ സങ്കടം മറന്ന് ലിയോ, അവന് അമ്മയെ തിരികെക്കിട്ടി

Advertisement

മേപ്പാടി. ഉരുള്‍പൊട്ടുന്ന സങ്കടങ്ങള്‍ക്ക് നടുവില്‍ ചെറിയ ആഹ്ളാദമെത്താറുണ്ട്. പലതും പുനസമാഗമങ്ങളുടെ കാഴ്ചകളാണ്. ചെളിയും ചവറും മൂടിയ ചൂരൽമല അങ്ങാടിയിൽ

കഴിഞ്ഞ ആറുദിവസവും അലഞ്ഞുനടപ്പായിരുന്നു ആ വെളുത്തനാടന്‍ നായ. കാലിൽ നിറയെ ചെളി. അങ്ങാടിയിലൂടെ എപ്പോഴും ആരെയോ തിരഞ്ഞു നടക്കുകയായിരുന്നു അവൻ. പുരപ്പുറത്തുവരെ അവന്‍റെ അന്വേഷണമെത്തി. എയർ ലിഫ്റ്റിങ്ങിന് ഹെലി കോപ്റ്റർ വരുമ്പോൾ അതുനോക്കി ഉച്ചത്തിൽ ഓരിയിടുകയും ഭയത്തോടെ ശബ്ദ‌മുണ്ടാക്കുകയും ചെയ്തു‌. അപ്പോൾ സൈനികർ അടക്കം അവനെ ആശ്വസിപ്പിക്കും.

ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായി അവനെത്തേടി ദുരിതാശ്വാസക്യാംപിൽനിന്ന് ഉടമ അട്ടമല സ്വദേശി ഉമയെത്തി. ഉമയെക്കണ്ട് ഓടിച്ചെന്ന നായ കരയുന്നതുപോലെ ശബ്ദമുണ്ടാക്കി, ഉമ്മവച്ചു ,നക്കിത്തുടച്ചു, കാലുകളിലും അരയിലും ചുറ്റിപ്പിടിച്ചു. ഇനി എന്നെവിട്ടുപോകല്ലേ എന്ന് ഒരു കുട്ടി പറയുംപോലെയായിരുന്നു അത്.

ഉമയും കരയാൻ തുടങ്ങി. ‘ലിയോ മോൻ കരയണ്ട. നമുക്ക് വീട്ടിൽ പോകാം. അമ്മ കൊണ്ടുപോകാം’ എന്നു പറഞ്ഞ് ഉമയും കരയാൻ തുടങ്ങി. കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ഉരുൾപൊട്ടലിൽ അട്ടമലയിൽ കുടുങ്ങിയ ഉമയും കുടുംബവും ബുധനാഴ്‌ച ക്യാംപിലേക്ക് മാറി. അവിടേക്കു നായയെ കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ അങ്ങാടിയിൽ ഇറക്കിവിടുകയായിരുന്നു. ആസ്രയമില്ലായ്മയും അനിശ്ചിതത്വവും നിറഞ്ഞ ഇത്തരം നൂറുകണക്കിന് ജീവിതങ്ങളാണ് പ്രകൃതി പേക്കൂത്ത് നടത്തിയ ഈ താഴ്വരയിലുള്ളത്.