വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 5 തിങ്കൾ

🌴കേരളീയം🌴

🙏 വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ജീവനെടുത്തവരില്‍ തിരിച്ചറിയാത്ത 8 പേര്‍ക്ക് ഒന്നിച്ച് അന്ത്യവിശ്രമം. 8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്‌കരിച്ചത്. സര്‍വ്വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് എട്ട് പേര്‍ക്കും അന്ത്യാഞ്ജലിയേകിയത്.

🙏 മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരില്‍ എട്ട് പേരെയാണ് ഒരേ മണ്ണില്‍ അടക്കം ചെയ്തത്.

🙏 വയനാട് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 380 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത.

🙏 വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വയനാട്ടിലെ ദുരിതമേഖലയില്‍ നിന്ന് ദില്ലിയിലെത്തിയ ശേഷമാണ് ജോര്‍ജ് കുര്യന്‍ വിശദവിവരങ്ങള്‍ മോദിയെ അറിയിച്ചത്.

🙏 വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു.

🙏 വയനാട്ടില്‍ അനാഥരാക്കപ്പെട്ട കുട്ടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്.

🙏 ചാലിയാര്‍ പുഴയില്‍ തെരച്ചിലിന് പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹവും കൊണ്ടുവരാന്‍ കഴിയുന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നത്.

🙏 തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.

🙏 മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റി ബോഡി കണ്ടെത്തിയത്.

🙏 കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതാവസ്ഥയിലെന്ന് അര്‍ജുന്റെ സഹോദരി വ്യക്തമാക്കി. ഈശ്വര്‍ മാല്‍പെ തിരച്ചിലിന് ഇറങ്ങാന്‍ തയ്യാറായെങ്കിലും അധികൃതര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്ന് അവര്‍ ആരോപിച്ചു.

🙏 1994 ലെ കൂത്തുപറമ്പ് വെടിവെപ്പിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പന്‍ ഐ സി യുവില്‍. ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുഷ്പന്റെ ചികിത്സാ പുരോഗതിയും വിവരങ്ങളും അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ആശുപത്രിയിലെത്തി. 1994 ലെ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്.

🙏 ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് നേതാവ് സോമന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി. നിരാഹാര സമരത്തിന് പിന്നാലെ നെഞ്ചുവേദനയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്.

🙏 ആര്യനാട് കരമനയാറിലെ മുന്നേറ്റ്
മുക്കില്‍ കടവില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ മുങ്ങി മരിച്ചു. അനില്‍ കുമാര്‍ (50), അദ്വൈത് (22), ആനന്ദ് (25), അമല്‍ (13) എന്നിവരാണ് മരിച്ചത്. അനില്‍ കുമാറിന്റെ മകനാണ് അമല്‍. / ബന്ധുക്കളാണ്
മരിച്ച മറ്റ് രണ്ടു പേര്‍.

🙏 കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊയിലാണ്ടി വരക്കുന്ന് സ്വദേശിയായ ഫാത്തിമാസില്‍ കുരിയസ്സന്റവിട റഷീദാണ് മരിച്ചത്. ബസ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

🙏 സംസ്ഥാനത്ത് ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യുനമര്‍ദ്ദവും സ്ഥിതിചെയ്യുന്നുണ്ട്.

🇳🇪 ദേശീയം 🇳🇪

🙏 ജമ്മു കശ്മീരിലെ ഗണ്ടര്‍ബാലിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി. നിലവില്‍ ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. 190 ലധികം റോഡുകള്‍ അടച്ചു. പ്രളയത്തില്‍ സംസ്ഥാനത്തെ 294 ട്രാന്‍സ്‌ഫോര്‍മറുകളും 124 ജലവിതരണ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിന് നേരെ ഉണ്ടായ ബോംബ് ആക്രമണ ഭീഷണിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇ-മെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. അല്‍-ഖ്വയ്ദയുമായി ബന്ധമുളള അജ്ഞാത അക്കൗണ്ടില്‍ നിന്നാണ് ഇമെയില്‍ വന്നത്.

🙏 വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളില്‍ തീപിടുത്തം. കോച്ചുകള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല.

🙏 മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാപൂര്‍ മേഖലയില്‍ മണ്‍ഭിത്തി ഇടിഞ്ഞുവീണ് ഒന്‍പത്കുട്ടികള്‍ മരിച്ചു. 10 മുതല്‍ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

🇦🇴 അന്തർദേശീയം 🇦🇽

🙏 സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാര്‍ മേഖലയായ ജിസാനില്‍ 10 മണിക്കൂര്‍ തോരാതെ പെയ്ത മഴയില്‍ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങുകയും നിരവധി റോഡുകളും പാലങ്ങളും തകരുകയും ചെയ്തിട്ടുണ്ട്. താഴ്വരകളില്‍ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. തകര്‍ന്ന പാലത്തിന്റെ സ്ലാബ് കാറിന് മുകളില്‍ പതിച്ച് യുവതി മരിച്ചു.

🙏 ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 91 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

🙏 മൂന്നുപെണ്‍കുട്ടിക
ളുടെ കൊലപാതകത്തെത്തുടര്‍ന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. 13 വര്‍ഷത്തിനിടെ രാജ്യംകണ്ട വലിയ കലാപമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച സൗത്ത്‌പോര്‍ട്ടില്‍വെച്ച് അക്സല്‍ റുഡാകുബാന എന്ന പതിനേഴുകാരന്‍ മൂന്നുപെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന് കാരണം.

🙏 ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ഹനിയെയുടെയും ഹിസ്ബുള്ള മിലിട്ടറി തലവന്‍ ഫുവാദ് ഷുക്റിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടി എന്ന നിലയ്ക്ക് ഇറാനും അവരുടെ കൂട്ടാളികളും ഇന്ന് പുലര്‍ച്ചെ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയിലെയും ഇസ്രയേലിലെയും ഉന്നതോദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായാണ് സൂചന.

🙏 അമേരിക്കയുടെ നോഹ ലൈല്‍സ് പാരിസ് ഒളിംപിക്സിലെ വേഗരാജാവ്. പുരുഷന്‍മാരുടെ 100 മീറ്റര്‍ 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി.

🙏 പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.

🙏 പാരിസ്
ഒളിംപിക്‌സിലെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്നിന് സെമി ഫൈനലില്‍ തോല്‍വി. നിലവിലെ ഒളിംപിക്‌സ് ചാംപ്യനും ലോക രണ്ടാം
നമ്പറുമായ വിക്റ്റര്‍ അക്‌സെല്‍സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യയെ തോല്‍പ്പിച്ചത്. രണ്ട് ഗെയിമിലും വലിയ ലീഡെടുത്തതിന് ശേഷമാണ് ലക്ഷ്യ തോല്‍വി സമ്മതിച്ചത്. വെങ്കല മെഡലിനായുള്ള ലക്ഷ്യയുടെ മത്സരം ഇന്ന് വൈകീട്ട് 6 മണിക്കാണ്.

🙏 ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ശ്രീലങ്കക്ക് 32 റണ്‍സിന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും 42.2 ഓവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി.