വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റവും ഖനനവും: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

Advertisement

ന്യൂഡെൽഹി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റവും ഖനനവുമാണെന്ന് ഭൂപേന്ദ്ര യാദവ് ആരോപിച്ചു. കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുത്. സംസ്ഥാനങ്ങൾ നിർദേശങ്ങൾ സമർപ്പിക്കണമെന്നും ന്ത്രി പറഞ്ഞു

ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഏഴ് ദിവസം മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടും ആളുകളെ ദുരന്തസ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ കുറ്റപ്പെടുത്തൽ

എന്നാൽ സഭയെ ആഭ്യന്തര മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ അത് ആരുടെയും പിടലിയിൽ വെച്ച് കെട്ടരുതെന്നും അമിത് ഷാ രാജ്യസഭയിൽ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.