മലപ്പുറം . ചാലിയാറിലെ ഇന്നത്തെ തിരച്ചിലും പൂർത്തിയായി.ഏഴാം ദിനമായ ഇന്ന് പുഴയിൽ നിന്നോ കരയിൽ നിന്നോ ഒന്നും കണ്ടെത്താനായില്ല.ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പടെ മുന്നൂറോളം പേർ ആണ് ഇന്ന് തിരച്ചിൽ നടത്തിയത്.
എടവണ്ണ ,മമ്പാട് ,വാഴക്കാട് തുടങിയ ചാലിയാറിന്റെ തീരങ്ങളിൽ ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തി.ചാലിയാർ കടന്നു പോകുന്ന പോത്തുകൽ പഞ്ചായത്തിലെ 7 വാർഡുകളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തി.എന്നാൽ മൃതദേഹമോ ശരീര ഭാഗങ്ങളോ ഇന്ന് കണ്ടെത്താനായില്ല
.കഴിഞ്ഞ ദിവസം വനത്തിൽ വൻ തിരച്ചിൽ നടന്നതിനാൽ ഇന്ന് വനം കേന്ദ്രീകരിച്ചു കാര്യമായ തിരച്ചിൽ ഉണ്ടായില്ല.വനത്തിൽ ഗ്യാസ് സിലിണ്ടറുകൾ അടിഞ്ഞു കൂടിയതായി ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ കെ പത്മകുമാർ ഐപിഎസ് പറഞ്ഞു
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ എത്തിയ 18 ശരീര ഭാഗങ്ങളും രണ്ട് മൃതദേഹങ്ങളും ഇന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി.ഇതോടെ ചാലിയാറിൽ നിന്ന് നിലമ്പൂരിൽ എത്തിച്ച ശരീര ഭാഗങ്ങൾ ഉൾപ്പടെ 233 മൃതദേഹങ്ങളും വയനാട്ടിൽ എത്തിച്ചു.നാളെ പ്രാദേശിക അടിസ്ഥാനത്തിൽ ആയിരിക്കും തിരച്ചിൽ ഉണ്ടാവുക