സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം

Advertisement

തിരുവനന്തപുരം. മെഡിക്കൽ കോളജിൽ നെയ്യാറ്റിൻകര സ്വദേശികളായ രണ്ട് യുവാക്കൾ ചികിത്സയിൽ. കഴിഞ്ഞ മാസം മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

മലബാർ മേഖലകളിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന ഗുരുതരമായ അമീബിക്ക് മസ്തിഷ്ക ജ്വരമാണ് തലസ്ഥാനത്തും കണ്ടെത്തിയത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. നെല്ലിമൂട് സ്വദേശി അഖിലാണ് കഴിഞ്ഞമാസം 23ന് മരിച്ചത്. ഇയാളുടെ സഹോദരനായ 23കാരനും സുഹൃത്തായ 22കാരനുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവപരിശോധനയിൽ ഇവരുടെ തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. നെല്ലിമൂടിന് സമീപം വെൺപകലിലെ ഒരു കുളത്തിൽ മൂവരും കുളിച്ചതായി വ്യക്തമായി. ഇതോടെ ആരോഗ്യവകുപ്പ് ഈ കുളം സീൽ ചെയ്തു. ചികിത്സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇരുവരുടെയും രോഗം നേരത്തെ കണ്ടെത്താനായത് നേട്ടമായെന്നാണ് വിവരം. 97ശതമാനം മരണനിരക്കുള്ള രോഗത്തെ പ്രാരംഭഘട്ടത്തിൽ മരുന്ന് നൽകി അതിജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

Advertisement