വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 06 ചൊവ്വ

🌴കേരളീയം🌴

🙏കുരമ്പാല തോട്ടുകര പാലത്തിന് സമീപം പന്നിക്കെണിയില്‍നിന്നും ഷോക്ക് ഏറ്റ് രണ്ട് പേർ മരിച്ചു

🙏 തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിന് ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന്‍റെ ശരീരത്തില്‍ ഗ്ലൗസും തുന്നിച്ചേർത്തു.

🙏 സംസ്ഥാന സര്‍ക്കാരിനെതിരെ വയനാട് ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെ മറുപടിയുമായി റവന്യു മന്ത്രി കെ രാജന്‍. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

🙏 കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലം ഇന്ന് മുതല്‍ തുറന്നുകൊടുക്കും. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

🙏 കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായി കെ.പി. റെജിയെയും ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ 30 വോട്ടുകള്‍ക്കാണ് സുരേഷ് എടപ്പാള്‍ പരാജയപ്പെടുത്തിയത്.

🙏 ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഫാഷന്‍’ ഗോള്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എംസി കമറുദ്ദിന്റെയും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

🇳🇪 ദേശീയം 🇳🇪

🙏 ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് 1 പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.

🙏 ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ.

🙏 ശരീരഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യം വച്ചുള്ള ഹര്‍ജിയാണിതെന്ന് നീരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

🙏 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.

🙏 മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുംബൈ മേഖലയിലെ 36 സീറ്റിലും പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ആം ആദ്മി നേതാവ് പ്രീതി ശര്‍മ പറഞ്ഞു.

🙏 ലഖ്‌നൗവില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള തന്തൂരികള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍. കല്‍ക്കരി ഉപയോഗിച്ചുള്ള തന്തൂരി അടുപ്പുകള്‍ക്ക് പകരം വാതകത്തില്‍ പ്രവര്‍ത്തിക്കുന്നവയിലേക്ക് മാറാന്‍ ലഖ്നൗ സിറ്റി സിവില്‍ ബോഡി നിര്‍ദ്ദേശിച്ചു.

🇦🇺 അന്തർദേശീയം 🇦🇽
🙏 കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ഷെയ്ഖ് ഹസീന രാഷ്ട്രീയ അഭയം തേടി ദില്ലിയിലെത്തി. ബംഗ്ലദേശ് വ്യോമസേനയുടെ സി-130 വിമാനത്തിലാണ് ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്.

🙏 ബംഗ്ലദേശില്‍നിന്നു രാജിവച്ച് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

🙏 ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ വ്യാപക അക്രമം. ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേര്‍പുര്‍ ജയില്‍ തകര്‍ത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു.

🙏 അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഫിലഡല്‍ഫിയയില്‍ നടക്കാനിരിക്കുന്ന കമല ഹാരിസിന്റെ പ്രചാരണ റാലിക്ക് മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

🥍🤽🏻‍♀️🏋️‍♀️കായികം🏑🏹🏏

🙏 പാരിസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടാനുള്ള മത്സരത്തില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സി ജിയക്കെതിരേ ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ ശേഷം പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി ഇന്ത്യന്‍ താരം മത്സരം കൈവിടുകയായിരുന്നു.

🙏 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ സ്‌കീറ്റ് മിക്സഡ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടം. ഇന്നലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡികളായ മഹേശ്വരി ചൗഹാനും അനന്ദ്ജീത് സിങ്ങും ചൈനീസ് സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു.

🙏 പാരിസ് ഒളിംപിക്‌സിലെ വനിതാ ഗുസ്തിയുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷ ദഹിയ പുറത്ത്.

🙏 ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഇന്നലത്തെ ഏക ആശ്വാസ പ്രകടനം. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്‍പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

🙏 ഒളിംപിക്സ് ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ജര്‍മനിയെ നേരിടും. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് ഇന്ത്യ 41 വര്‍ഷത്തിനുശേഷം ഒളിംപിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയത്. ഇന്ന് രാത്രി 10.30നാണ് ഇന്ത്യ-ജര്‍മനി സെമി പോരാട്ടം. ടെലിവിഷനില്‍ സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാനാകും.

Advertisement