ഡ്രൈ ഡേയിൽ ഇളവു വരുത്താൻ ശുപാർശ; എല്ലാ മദ്യഷോപ്പുകളും തുറക്കില്ല

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശയെന്നു സൂചന. ഡ്രൈ ഡേ മൂലം കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്നു ടൂറിസം രംഗത്തുനിന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേയില്‍ ഇളവു വരുത്താന്‍ ശുപാര്‍ശ. അതേസമയം, ഒന്നാം തീയതി എല്ലാ മദ്യഷോപ്പുകളും തുറക്കില്ല. മൈസ് ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് അടക്കമുള്ളവയ്ക്ക് ഇളവു നല്‍കാനാണ് ശുപാര്‍ശ വന്നിരിക്കുന്നത്.

ഡ്രൈ ഡേ ഒഴിവാക്കണമെന്നായിരുന്നു ബാര്‍ ഉടമകളുടെയും മദ്യക്കമ്പനികളുടെയും ആവശ്യം. രാജ്യാന്തര കണ്‍വന്‍ഷനുകള്‍ ഉള്‍പ്പെടെ കേരളത്തിലേക്കു വരുന്നതിന് ഡ്രൈ ഡേ തടസമാകുന്നുവെന്ന് ടൂറിസം വകുപ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ പണപ്പിരിവ് നടത്തണമെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായത്. എന്നാല്‍ ഇപ്പോള്‍ ഉപാധികളോടെ നടപ്പാക്കാനാണ് കരട് നയത്തിലെ ശുപാര്‍ശ. ഏതുരീതിയില്‍ ഇളവുകള്‍ നടപ്പാക്കണമെന്നത് ചട്ടങ്ങള്‍ രൂപീകരിച്ച് അന്തിമ മദ്യനയത്തില്‍ വ്യക്തമാക്കും.

Advertisement