‘ആരാണ് അനധികൃത കുടിയേറ്റക്കാർ? ദുരന്തത്തിനിരയായവരെ കേന്ദ്രമന്ത്രി അപമാനിക്കുന്നു’: മറുപടിയുമായി മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്രമന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘‘ആഴത്തിലുള്ള ചിന്തകൾക്കും കൂട്ടായ പരിശ്രമങ്ങൾക്കം മുൻപുള്ള ഘട്ടമാണിത്. ഈ സന്ദർഭത്തെ സങ്കുചിത താൽപര്യങ്ങൾക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. അക്കൂട്ടത്തിൽ ജനങ്ങളെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ ഉത്തരവാദിത്തമുള്ളവർ തന്നെ ഉൾപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്. ബഹുമാനപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന നിർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ കാരണമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഇത്തരം ഒരു ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. ആരാണിവിടത്തെ അനധികൃത കുടിയേറ്റക്കാർ? ഈ ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ? അതോ, തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരോ? കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താൻ സാധിക്കില്ല.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്. ദുഷ്‌കരമായ സാഹചര്യങ്ങളോട് മല്ലിട്ട് അവർ പടുത്തുയർത്തിയ ജീവിതത്തിനും സംസ്‌കാരത്തിനും സുദീർഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചിൽ ഒതുക്കുന്ന പ്രചരണങ്ങൾക്ക് ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി തയറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല.

അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിചിത്രവാദം. എന്നാൽ, മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ നിന്നും ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റർ ആണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്രമന്ത്രി തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

വയനാട് ദുരന്തത്തിൽ കേരളത്തിനെതിരെയെഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിക്കുന്നു എന്ന വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നൽകാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ നിർബന്ധിക്കുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസ് ഇൻഫോർമേഷൻ ബ്യുറോ വഴിയാണ് കേരള സർക്കാരിനെതിരെ ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോൾ ഈ മാധ്യമവാർത്തകൾ ശരിയാണെന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പെയിഡ് ലേഖന പരിപാടി നിങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് അവർ തന്നെ ആലോചിക്കണം. പരിസ്ഥിതി ഗൗരവമായി സംരക്ഷിക്കപ്പെടുന്ന മേഖലയാണ് മുണ്ടക്കൈ. അവിടെ അനധികൃത ഖനനം നടക്കില്ലെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇതറിഞ്ഞിട്ടും അനധികൃത ഖനനം മൂലമാണ് ഉരുൾപൊട്ടലെന്ന് പറയുന്നതിലെ രാഷ്ട്രീയം എന്തെന്ന് മലയാളികൾക്ക് മനസ്സിലാകും. ഓല മടക്കിവെച്ച് കൂര കെട്ടിയ തോട്ടം തൊഴിലാളികൾ അനധികൃത കയ്യേറ്റകാരാണ് എന്നല്ലേ കേന്ദ്ര മന്ത്രി പറഞ്ഞു വരുന്നത്? ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തം പാവപ്പെട്ട തൊഴിലാളികളുടെ ഉൾപ്പെടെ തലയിൽ ചാർത്തുകയല്ലേ ഇക്കൂട്ടർ ചെയ്യുന്നത്’’– മുഖ്യമന്ത്രി ചോദിച്ചു.

Advertisement