മധുവിധുവിനെത്തിയ ഒഡീഷ സ്വദേശി പ്രിയദർശിനി പോൾ നാട്ടിലേക്കു തിരിച്ചു, തനിച്ച്

Advertisement

മേപ്പാടി: മധുവിധുവിനായി വയനാട്ടിലെത്തി ദുരന്തത്തിൽപ്പെട്ട ഒഡീഷ സ്വദേശിനി പ്രിയദർശിനി പോൾ ഇനി ഒറ്റയ്ക്കു മടങ്ങും. വിനോദസഞ്ചാരത്തിന് ഭർത്താക്കന്മാർക്ക് ഒപ്പമെത്തിയ പ്രിയദർശിനിയും സുഹൃത്ത് സ്വീകൃതിയും മാത്രമാണ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടത്. ഭർത്താവ് ഭുവനേശ്വർ എയിംസിലെ ഡോ.ബിഷ്ണുപ്രസാദ് ചിന്നാരയ്ക്കും സുഹൃത്ത് ഡോ.സ്വാധിൻ പാണ്ടയ്ക്കും സ്വാധിനിന്റെ ഭാര്യ ഡോ.സ്വികൃതി മൊഹാപത്രയ്ക്കുമൊപ്പം ദുരന്തമുണ്ടാകുന്നതിന് തലേദിവസമാണ് പ്രിയദർശിനി ചൂരൽമലയിലെത്തിയത്. ഭുവനേശ്വർ ഹൈടെക്ക് ആശുപത്രിയിലെ നഴ്സാണ് പ്രിയദർശിനി.

ഉരുൾപൊട്ടലിൽ റിസോർട്ട് തുടച്ചുനീക്കപ്പെട്ടപ്പോൾ എല്ലാവരും കുത്തൊഴുക്കിൽപെട്ടു. രാത്രി വൈകിയാണ് എല്ലാവരും ഉറങ്ങിയത്. ശബ്ദംകേട്ടു കണ്ണുതുറക്കുമ്പോൾ റിസോർട്ട് മണ്ണിനടിയിലായിരുന്നു. കഴുത്തൊപ്പമുയർന്ന ചെളിയിൽ 200 മീറ്ററോളം ഒഴുകിപ്പോന്ന പ്രിയദർശിനിയും സ്വികൃതിയും സ്കൂൾ പരിസരത്ത് തങ്ങിനിൽക്കുകയായിരുന്നു. ഇവരുടെ അലർച്ച കേട്ടെത്തിയ രക്ഷാപ്രവർത്തകർ കാണുന്നത് ഹെൽപ് എന്നു വിളിച്ചു കരയുന്ന രണ്ടുപേരെയാണ്. നാലുപേരുണ്ടെന്നും ഒഴുകിവന്നിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തകരോടു പറഞ്ഞു. ബാക്കിയുള്ളവരെ തിരഞ്ഞു നടന്നപ്പോഴാണ് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ഉടൻതന്നെ യുവതികളെയുമായി രക്ഷാപ്രവർത്തകർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിൽ ഒറ്റപ്പെട്ടുപോയ പ്രിയദർശിനിക്ക് കൂട്ടായി ബന്ധുക്കൾ വരുന്നതുവരെ, ഉമ്മയ്ക്കു കൂട്ടുവന്ന മേപ്പാടി സ്വദേശിനി സാനിയയാണ് കാത്തിരുന്നത്. സാനിയയ്ക്ക് ഹിന്ദി ഭാഷ വശമുണ്ടായിരുന്നു. പ്രിയദർശിനിയുടെ ഭർത്താവ് ഡോ. ബിഷ്ണുപ്രസാദ് ചിന്നാരയുടെ മൃതദേഹം ചൂരൽമലയിൽനിന്നു കഴിഞ്ഞദിവസം ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഡോ. സ്വാധിൻ പാണ്ടയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യ സ്വികൃതി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

വയനാട് സ്വദേശി താഹിറാണു പ്രിയദർശിനിയുടെ ‌ബന്ധുക്കളെ കണ്ടെത്താൻ സഹായവുമായി ഓടിയെത്തിയത്. താഹിറിന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം പഠിച്ചവരാണു ഡോ. ബിഷ്ണുപ്രസാദും ഡോ. സ്വാധിനും. ഇവർ അപകടത്തിൽപെട്ടത് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്.

Advertisement