മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം മണത്ത് പിടിക്കുന്നവര്‍

Advertisement

വയനാട്. മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം മണത്ത് പിടിക്കുന്നത് അവരാണ്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചിലിന് വഴി തെളിക്കുന്നത് മിടുക്കരായ
ഡോഗ് സ്ക്വാഡുകള്‍. കേരള പോലീസിന്റെ കെഡാവർ നായ്ക്കളായ മായയും മർഫിയും മാത്രം കണ്ടെത്തിയത് 22 മൃതദ്ദേഹങ്ങൾ. കരസേനയുടെയും തമിഴ്നാട് അഗ്നിരക്ഷാ സേനയുടെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡോഗ്സും തെരച്ചിലിന് സൂചന നൽകുന്നു.

തിരച്ചിലിനായി അതിരാവിലെ മല കയറുന്ന ദൗത്യ സേന സംഘത്തോടൊപ്പം പരിശീലനം സിദ്ധിച്ച നായ്ക്കളുമുണ്ടാകും.മേൽ മണ്ണിനു മുകളിൽ ചെളിയും മണലും അടിഞ്ഞ ചൂരൽമലയിലും, മുണ്ടക്കൈയെയും പുഞ്ചിരിമട്ടത്തെയും നെടുകെ പിളർത്തിയ പാറക്കൂട്ടങ്ങൾക്കിടയിലും മണം പിടിക്കും.

മൃതദേഹങ്ങൾ തിരയാനും അപകടത്തിൽ പരിക്കേറ്റവരെ കണ്ടെത്താനുമാണ് നായകളെ വിന്യസിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ തിരയാൻ പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കൾ. പരിക്കേറ്റവരെ കണ്ടെത്താൻ സർച്ച് ആൻഡ് റെസ്ക്യൂ നായ്ക്കളും. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചാണ് സാധാരണ നായകൾ സൂചന നൽകുക. മറ്റു ചിലപ്പോൾ രണ്ടു കൈകൾ കൊണ്ടും മണ്ണിലേക്ക് മാന്തും. വാലാട്ടി സൂചന നൽകുന്നവയുമുണ്ട്. നായകൾ നൽകുന്ന സൂചനകൾ പരിശീലകർ മനസിലാക്കി ദൗത്യസംഘത്തോട് ആശയ വിനിമയം നടത്തും. പിന്നാലെ മണ്ണോ കല്ലോ ചെളിയോ നീക്കം ചെയ്ത് പരിശോധന.

മായയും, മർഫിയും, എയ്ഞ്ചലും – കേരള പോലീസിൻറെ ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട കെഡാവർ നായ്ക്കളാണ്. ദുരന്തമുഖത്ത് നിന്ന് ഇതുവരെ നേരിട്ട് കണ്ടെത്തിയത് 22 മൃതദേഹങ്ങൾ. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തുന്നിന് സൂചനയും നൽകി. കെഡാവർ നായ്ക്കൾ കൈവശമുള്ള ഏക പോലീസ് സേന കേരളത്തിലേതാണ്. കൂടെ റെസ്ക്യൂ ഡോഗായ മാഗിയുമുണ്ട് കർമ രംഗത്ത്..

തമിഴ്നാട് അഗ്നിരക്ഷസേനയുടെ 5 സെർച്ച് ആൻഡ് റസ്ക്യു നായ്ക്കൾ തിരച്ചിൽ നടത്തുന്നു..ഇന്ത്യയിൽ തന്നെ തിരച്ചിലിനായി
ഡോഗ് സ്ക്വാഡുള്ള ഏക അഗ്നി രക്ഷാസേന തമിഴ്നാടിന്റേതാണ്.കരസേനയുടെ ആറ് സ്നിഫർ ഡോഗ്സും
മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം തിരയുകയാണ്.

ഇവരൊക്കെ പരിശീലനം സിദ്ധിച്ച പ്രത്യേക ഇനം നായ്ക്കളാണ്. എന്നാല്‍ മേഖലയിലെ നിരവധി നാടന്‍ നായ്ക്കള്‍ തങ്ങളുടെ ഉടമസ്ഥരെ മണത്തു പിടിച്ച് അധികൃതരെ സഹായിച്ചകഥയും ഉണ്ട്. നദിയില്‍ നീന്തി വനപ്രദേശത്ത്പോയ് അന്വേഷകരോട് മൃതദേഹം കിടക്കുന്ന സ്ഥലം കാട്ടിയ നായയുടെ സ്നേഹം നായപ്രേമികള്‍ വീരഗാഥയാക്കിക്കഴിഞ്ഞു.

Advertisement