സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണം, ഇഡിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

Advertisement

ന്യൂഡെല്‍ഹി. സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്ഫർ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
സ്വർണ്ണ കടത്ത് കേസിന്‍റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി നേരത്തെ തീരുമാനിച്ചിരുന്നു. അസാധാരണ സാഹചര്യത്തില്‍ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു .
കേസുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യമുണ്ടെന്ന വാദം ഇഡി കോടതിയിൽ ഇന്ന് ആവർത്തിക്കും . വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമാകില്ലെന്നാണ് ഇഡിയുടെ വാദം. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇഡി നിലപാട്. ഹർജി തള്ളണമെന്ന ആവശ്യം സംസ്ഥാനം ആവർത്തിച്ചെങ്കിലും കോടതി കഴിഞ്ഞതവണ ഇത് അംഗീകരിച്ചില്ല. വിചാരണ കോടതിയിലെ നടപടികളെ കുറിച്ചാരാഞ്ഞ കോടതി, ഇക്കാര്യത്തിലെ പുരോഗതി അറിഞ്ഞ ശേഷം തീരുമാനം കൈക്കൊള്ളാം എന്നാണ് വ്യക്തമാക്കിയിരുന്നത്.