ഇനി എസ്എസ്എല്‍സി വിജയിക്കണമെങ്കില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധം, സ്‌കൂള്‍ വിദ്യാഭ്യാസ പരീക്ഷാ രീതിയില്‍ കാതലായ മാറ്റത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

Advertisement

തിരുവനന്തപുരം . സ്‌കൂള്‍ വിദ്യാഭ്യാസ പരീക്ഷാ രീതിയില്‍ കാതലായ മാറ്റത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. എട്ടാം ക്ലാസ് മുതല്‍ ക്ലാസ് കയറ്റത്തിന് വാര്‍ഷിക പരീക്ഷയില്‍ വിജയിക്കണമെന്ന നിബന്ധന നടപ്പാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി വിജയിക്കണമെങ്കില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെ ഒരു വിദ്യാര്‍ത്ഥിയേയും പരാജയപ്പെടുത്താന്‍ പാടില്ല. ഇതനുസരിച്ചാണ് പത്താം ക്ലാസ് വരെയുള്ള ക്ലാസ് കയറ്റത്തിന് ഓള്‍ പാസ് സമ്പ്രദായം സംസ്ഥാനത്ത് കൊണ്ടുവന്നത്. എന്നാല്‍ ഇതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകര്‍ക്കുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാനായി ചേര്‍ന്ന വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ ഇതും ചര്‍ച്ചയായി. തുടര്‍ന്നാണ് എട്ട്, ഒന്‍പത് ക്ലാസുകളില്‍ കൂടി വിജയിക്കാന്‍ നിശ്ചിത ശതമാനം മാര്‍ക്ക് ഏര്‍പ്പെടുത്താനും നിലവിലുള്ള ഓള്‍ പാസ് രീതിക്ക് മാറ്റം വരുത്താനും വിദ്യാഭ്യാസ കോണ്‍ക്ലേവ് ശുപാര്‍ശ ചെയ്തത്. ഇതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയും മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുകയുമായിരുന്നു. ശുപാര്‍ശ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നിന്നും ഒന്‍പതാം ക്ലാസിലെത്താന്‍ വാര്‍ഷിക പരീക്ഷ പാസാകണം. അടുത്ത വര്‍ഷം ഇതു ഒന്‍പതാം ക്ലാസില്‍ നടപ്പാക്കും. 2026-27 മുതല്‍ എസ്.എസ്.എല്‍.സിക്കും വിജയിക്കാന്‍ 30 ശതമാനം മാര്‍ക്ക് ഓരോ വിഷയത്തിനും വേണമെന്ന നിബന്ധന നിലവില്‍ വരും.

Advertisement