‘ഹണി റോസിനെ കാണുമ്പോൾ ഒരാളെ ഓർമ വരുന്നു’: ബോബി ചെമ്മണ്ണൂരിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം

Advertisement

നടി ഹണി റോസിനെതിരെ വിവാദ പരാമർശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം. ഒരു പൊതുവേദിയിൽ വച്ച് ബോബി ചെമ്മണ്ണൂർ താരത്തിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദമായതും ഇപ്പോൾ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുന്നതും. ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്‌ലസ് കഴുത്തിൽ അണിയച്ചതിനു ശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്നു കറക്കി. ‘നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,’ എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്.

കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓർമ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ടു പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് വിമർശനം. അശ്ലീലച്ചുവയുള്ള ഈ പരാമർശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. എത്ര കുടുംബങ്ങൾക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമർശങ്ങൾ നിർഭാഗ്യകാരമാണെന്നും ഇക്കൂട്ടർ പറയുന്നു. നിരവധി ആളുകളാണ് സംഭവത്തെ വിമർശിച്ചും അതിൽ പ്രതിഷേധിച്ചും രംഗത്തു വന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണി എന്ന സിനിമയിലാണ് ഹണി റോസ് ഒടുവിൽ അഭിനയിച്ചത്. ഹണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചൽ എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്.

Advertisement