‘സുധിലയം’ :കൊല്ലം സുധിയുടെ പുതിയ വീട്

Advertisement

വീട് എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു കൊല്ലം സുധി വിടപറഞ്ഞത്. ആ സ്വപ്നം സഫലമാക്കാൻ മനുഷ്യർ ഒത്തുചേരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. താമസിയാതെ സ്ഥലം കണ്ടെത്തി കഴിഞ്ഞ വർഷം കല്ലിടൽ ചടങ്ങ് നടന്നു. Kerala Home Design (KHDEC) എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് വീട് നിർമിച്ചു നൽകുന്നത്. ഇപ്പോൾ വീടിന്റെ നിർമാണം അവസാന ഫർണിഷിങ് ഘട്ടത്തിലാണ്.

സുധിയുടെ സ്മരണയ്ക്കായി നിർമിച്ച വീടിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു. ‘സുധിയുടെ നിലയം’ എന്നർഥംവരുന്ന ‘സുധിലയം’ എന്നാണ് വീട്ടുപേര്. നെയിം പ്ലേറ്റുമായി നിൽക്കുന്ന ചിത്രം പങ്കിട്ട് വീട് നിർമിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയും അറിയിക്കുന്നു രേണു.

സ്വന്തമായി ഒരു വീട് തനിക്ക് എത്രത്തോളം സ്വപ്നമാണെന്ന് കുറച്ചുവർഷങ്ങൾക്ക് മുൻപ് സുധി വീടിന്റെ ഓർമകൾ പങ്കുവച്ചപ്പോൾ പറഞ്ഞിരുന്നു.

സുധിയുടെ അച്ഛന്റെ സ്വദേശം എറണാകുളമായിരുന്നു. അച്ഛൻ, അമ്മ, നാലുമക്കൾ. ഇതായിരുന്നു കുടുംബം. ഒരു അനിയൻ ചെറുപ്പത്തിലേ മരിച്ചു. അച്ഛൻ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഞാൻ ജനിച്ചതും അഞ്ചാം ക്‌ളാസ് വരെ പഠിച്ചതും എറണാകുളത്താണ്. അച്ഛന്റെ കൂട്ടുകുടുംബമായിരുന്നു. പിന്നീട് എല്ലാവരും ഓഹരി പറ്റി പിരിഞ്ഞപ്പോൾ തറവാട് പൊളിച്ചു കളഞ്ഞു. അപ്പോഴേക്കും അച്ഛന് കൊല്ലത്തേക്ക് സ്ഥലം മാറ്റമായി. അങ്ങനെ കൊല്ലത്തേക്ക് ജീവിതം പറിച്ചുനട്ടു. അച്ഛൻ ഒരു വീടുവാങ്ങി.

കൊല്ലത്തേക്ക് മാറി കുറച്ചു വർഷമായപ്പോൾ അച്ഛൻ രോഗിയായി. ചികിത്സയ്ക്ക് നല്ലൊരു തുക ചെലവായി. കടവും പ്രാരാബ്ധവുമായി. അങ്ങനെ അച്ഛൻ വാങ്ങിയ ആ വീട് ഞങ്ങൾക്ക് വിൽക്കേണ്ടി വന്നു. ഞങ്ങൾ വാടകവീട്ടിലേക്ക് താമസം മാറി. അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയി.

കോട്ടയം വാകത്താനത്ത് ഒരു വാടകവീട്ടിലായിരുന്നു താമസം. കോമഡി ഫെസ്റ്റിവലിൽ നിന്നും കിട്ടിയ സമ്മാനത്തുകയും ഗൾഫ് ഷോകൾക്ക് പോയ തുകയും സ്വരുക്കൂട്ടി പുതിയ വീടിന്റെ പണിപ്പുരയിലായപ്പോഴാണ് കോവിഡ് കാലമെത്തിയത്.അതോടെ വീടുപണി നിലച്ചു.

Advertisement