വയനാടിന്റെ ഉള്ളറിഞ്ഞ് പ്രധാനമന്ത്രി

Advertisement

വയനാട്ടിലെത്തിയ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരല്‍ മലയില്‍ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്‌കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്‌കൂളിലെത്തിയ മോദി സ്‌കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
വെള്ളാര്‍മല സ്‌കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവില്‍ നിന്ന് വിവരം തേടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല സ്‌കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു. ചൂരല്‍മലയില്‍ നിന്ന് മടങ്ങിയ പ്രധാനമന്ത്രി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ദുരന്തബാധിതരെ കണ്ടു. മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്ത ബാധിതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisement