മൂന്നംഗ സംഘം കാലുവെട്ടിയ കൊലക്കേസ് പ്രതി മരിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

Advertisement

തിരുവനന്തപുരം. ശ്രീകാര്യത്ത് മൂന്നംഗ സംഘം കാലുവെട്ടിയ കൊലക്കേസ് പ്രതി മരിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കുറ്റ്യാണി സ്വദേശി ജോയിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 9 മണിയോടെയാണ് ശ്രീകാര്യം പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വച്ച് കാറിലെത്തിയ മൂന്നംഗ സംഘം ജോയിയെ ആക്രമിച്ചത്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് മൂന്ന് ദിവസം മുൻപാണ് വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തി പൗഡിക്കോണത്തിറങ്ങി ചായ കുടിക്കുമ്പോഴാണ് ആക്രമണം. രണ്ട് കാലുകളും അറ്റ് തൂങ്ങിയ ജോയിയെ അരമണിക്കൂറിന് ശേഷം ശ്രീകാര്യം പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പുലർച്ചെ രണ്ട് മണിയോടെ മരിച്ചു. കുറ്റ്യാണി സ്വദേശികളായ സജീർ ,അൻഷാദ്, അൻവർ ഹുസൈൻ എന്നിവരാണ് ആക്രമിച്ചതെന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ജോയി പറഞ്ഞിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ആക്രമണത്തിനെത്തിയ കാറിൻറെ നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു. ആറ് മാസം മുമ്പ് ഈ സംഘത്തിൽപ്പെട്ട ഒരാളെ ജോയിയുടെ സംഘം വെട്ടിയിരുന്നു. ഇതിൻറെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Advertisement