തുമ്പച്ചെടി തോരന്‍ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; യുവതി മരിച്ചു

Advertisement

ആലപ്പുഴയില്‍ തുമ്പചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു. സംഭവത്തില്‍ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസ് എടുത്തു. ചേര്‍ത്തല എക്‌സ്‌റേ കവലയ്ക്ക് സമീപം ദേവീനിവാസില്‍ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയന്‍ ബാങ്ക് റിട്ട. മാനേജര്‍ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി തുമ്പച്ചെടി ഉപയോഗിച്ചുണ്ടാക്കിയ തോരന്‍ കഴിക്കുകയും പുലര്‍ച്ചെ ഇന്ദുവിന് ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയുമായിരുന്നു. യുവതിയെ ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. തുമ്പച്ചെടി തോരന്‍ വച്ച് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തുമ്പച്ചെടി മറ്റ് രോഗങ്ങളുള്ളവര്‍ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രമേഹത്തിനും ഗോയിറ്റര്‍ രോഗത്തിനും ചികിത്സ തേടിയിരുന്ന ആളാണ് ഇന്ദുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് കഴിച്ച വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളില്ല. മുറിയില്‍ നിന്ന് വിഷാംശം കലര്‍ന്നതോ സംശയിക്കത്തക്കതോ ആയ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. സാംപിളുകള്‍ രാസ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചു.