മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Advertisement

മലപ്പുറം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. 1953ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം.

ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയർന്നത്. മുസ്ലിം ലീ​ഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തിൽ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.

നേരത്തെ, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു. എങ്കിലും പ്രാദേശിക തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി ഉയർന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേർത്തുനിർത്തുന്ന നിലപാടായിരുന്നു എന്നും കൈക്കൊണ്ടത്. ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട്.