വയനാട് .ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി ഇന്ന് നടത്തിയ ജനകീയ തിരച്ചിലിൽ മൂന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ നിന്നാണ് ശരീര ഭാഗങ്ങൾ ലഭിച്ചത്. ദുരന്തബാധിത മേഖലയിൽ ജനകീയ തിരച്ചിൽ നാളെയും തുടരും. അഞ്ച് മേഖലകളാക്കി തിരിച്ചായിരിക്കും നാളത്തെ തിരച്ചിൽ.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ഇന്ന് രാവിലെ 9 മണിക്ക് തിരച്ചിൽ തുടങ്ങി. നൂറ് കണക്കിന് ആളുകളാണ് ജനകീയ തിരച്ചിലിൽ പങ്കാളികളായത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ്,പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും അണിനിരന്നു. പരപ്പൻപാറയിൽ നിന്ന് മൂന്ന് ശരീര ഭാഗം കണ്ടെത്തി. റിപ്പണിൽ നിന്ന് പോയ സംഘമാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അട്ടമലയിൽ രണ്ട് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തിയെങ്കിലും മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
സൂചിപ്പാറയിൽ എയർലിഫ്റ്റിങ് വൈകിയതിനാൽ സന്നദ്ധപ്രവർത്തകർ ശരീരഭാഗങ്ങൾ വനത്തിലൂടെ ചുമന്നുകൊണ്ടുപോകുകയായിരുന്നു.
ദുരന്തബാധിത മേഖലയിൽ ജനകീയ തിരച്ചിൽ നാളെയും തുടരും. ചാലിയാർ പുഴയിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് തിരച്ചിൽ ഇന്ന് നേരത്തെ അവസാനിപ്പിച്ചു.ദുരന്ത മേഖലകളിൽ പഠനം നടത്താൻ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ വിദഗ്ധസംഘം ഈ മാസം 19ന് വയനാട്ടിൽ എത്തും.