വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 12 തിങ്കൾ

🌴കേരളീയം🌴

🙏 വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

🙏 വയനാട്ടിലെ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ അഞ്ചംഗ
സമിതി രൂപീകരിച്ചു.

🙏 വയനാട് മുണ്ടക്കൈയില്‍ മഴ ശക്തമായതോടെ ഇന്നലത്തെ തെരച്ചില്‍ മൂന്ന് മണിയോടെ അവസാനിപ്പിച്ചു. ഇന്നലത്തെ ജനകീയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കിട്ടിയതായി അധികൃതര്‍ അറിയിച്ചു. പരപ്പന്‍പാറയില്‍ സന്നദ്ധ
പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്.

🙏 ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങള്‍ ഈ മാസം 19ന് സന്ദര്‍ശിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

🙏 വയനാട് ദുരന്തമേഖലയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തത്തില്‍ മരിച്ചവരുടെ ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും ഇന്നു മുതല്‍ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നും നാളെയും ചാലിയാറില്‍ വിശദമായ തെരച്ചില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

🙏 വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

🙏 ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസ സ്ഥിരീകരിച്ചു. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്.
കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്.

🙏 വിലങ്ങാട് ഉരുള്‍പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങള്‍ എന്ന് കണ്ടെത്തല്‍. ഡ്രോണ്‍ പരിശോധനയിലാണ് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ സ്ഥലത്ത് എത്തും.

🙏 സംസ്ഥാനത്ത് ഈ മാസം14 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30-40 കിമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

🙏 പത്തനംതിട്ട സീതത്തോട്ടില്‍ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ നഴ്സിന് പരിക്ക്. ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിനാണ് പരിക്കേറ്റത്. ഇന്നലെ
രാവിലെ സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴാണ് ചിറ്റാറില്‍ വച്ച് കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയത്.

🙏 കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ വ്യവഹാരത്തിനെത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പരാതി. മണിക്കൂറുകള്‍ നീളുന്ന കോടതി നടപടിക്രമങ്ങള്‍ക്കിടെ അത്യാവശ്യമായി ആര്‍ക്കെങ്കിലും ശുചിമുറി ഉപയോഗിക്കേണ്ടി വന്നാല്‍ 5, 10 രൂപ നിരക്കിലാണ് ചാര്‍ജ്ജ് ഈടാക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.

🙏 കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം നാളെയെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. നിലവില്‍ വെള്ളത്തിന്റെ അടിയൊഴുക്ക് 5.4 നോട്ട് വേഗതയിലാണ്. ഈ വേഗതയില്‍ ഡ്രഡ്ജിംഗോ, ഡൈവിംഗോ സാധ്യമാകില്ല.

🙏 പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപത് പേര്‍ക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയില്‍ നിന്നും തൃശൂരിലേക്കും ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

🙏 മലപ്പുറം തിരൂരില്‍ അഞ്ച് വയസുകാരിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനിയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

🇳🇪 ദേശീയം 🇳🇪

🙏 സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലില്‍ ചോദ്യങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാധബി പുരി ബുച്ച് ഇതുവരെ രാജിവെക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

🙏 കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു. 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. ഡാമില്‍ നിന്ന് വന്‍ തോതില്‍ വെള്ളം ഒഴുകി. രാത്രി 12 മണിയോടെ ആണ് ഗേറ്റ് പൊട്ടി വീണത്. 35000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടു.

🙏 പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപക പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണും.

🙏 മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം യുഎസിന് നല്‍കിയിരുന്നെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാമായിരുന്നു.

🙏 കര്‍ണാടകയിലെ കൊപ്പാല്‍ ജില്ലയില്‍ കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ട അടിച്ച് മാറ്റിയ അംഗനവാടി ജീവനക്കാര്‍ക്കെതിരെ നടപടി. അംഗനവാടിയിലെത്തിയ കുട്ടികള്‍ക്ക് പാത്രത്തില്‍ ഭക്ഷണത്തിനൊപ്പം മുട്ട നല്‍കിയ ശേഷം ജീവനക്കാര്‍ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

🙏 മൊബൈല്‍ ഫോണും വാട്സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി എന്‍സിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. ദയവായി എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ അരുതെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുക
യാണെന്നും വിവരം പൊലീസില്‍ അറിയിച്ചതായും സുപ്രിയ സുലേ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.

🙏 ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടിയ യാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബില്‍പുരിന് സമീപം ഹൗറ-അമൃത്സര്‍ മെയിലില്‍ ജനറല്‍ കോച്ചിലെ യാത്രികരാണ് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്.

🇦🇽 അന്തർദേശീയം 🇦🇺

🙏 പ്രമുഖ അമേരിക്കന്‍ ബഹുരാഷ്ട്ര നെറ്റ്വര്‍ക്കിംഗ്-ഇന്റര്‍നെറ്റ് ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സിസ്‌കോ സിസ്റ്റംസില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. സാങ്കേതികരംഗത്ത് സമീപകാലത്ത് കൂടുതല്‍ വളര്‍ച്ചയുള്ള സൈബര്‍സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധപതിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് സൂചന.

🙏 തീവ്ര വലതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നിലനില്‍ക്കുന്ന ബ്രിട്ടനില്‍ എതിര്‍ പ്രക്ഷോഭങ്ങളും ശക്തമാകുന്നു. വംശീയതയ്ക്ക് എതിരായ മുദ്രാവാക്യവുമായി നിരവധി പേര്‍ ലിവര്‍പൂളില്‍ അണിനിരന്നു. ലണ്ടന്‍, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ് തുടങ്ങിയ പട്ടണങ്ങളിലും നഗരങ്ങളിലും കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്.

🙏 ലോകമെമ്പാടും ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത കൂട്ടം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സ്. 21 സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങളാണ് സ്പേസ് എക്‌സ് ബഹിരാകാശത്തേക്ക് കഴിഞ്ഞ ദിവസം ഒന്നിച്ച്
അയച്ചത്.

🏋️‍♀️🏹🤽🏻‍♀️കായികം🏑🏏🥍

🙏 ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി വരാന്‍ ഇനിയും കാത്തിരിക്കണം. നാളെ രാത്രി ഇന്ത്യന്‍ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ
വിധിയുണ്ടാകുക.

🙏 ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പാരിസ് ഒളിംപിക്സിലെ അയോഗ്യതയില്‍ ഐഒഎ മെഡിക്കല്‍ സംഘത്തിനെതിരായ വിമര്‍ശനങ്ങളില്‍
അപലപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ.

🙏 പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി.

Advertisement