ശാസ്താംകോട്ട: കണ്ണങ്കാട്ട് പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമ ഘട്ടത്തില്‍. പടിഞ്ഞാറേ കല്ലട, മണ്‍റോതുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കല്ലടയാറിന് കുറുകെ റെയില്‍വേപാലത്തിന് സമാന്തരമായാണ് പാലം വരുന്നത്.
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാകളക്ടര്‍ എന്‍ ദേവിദാസ് ഐഎഎസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായത്.
2017ലാണ് പാലത്തിന് ഭരണാനുമതി കിട്ടിയത്. എന്നാല്‍ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍ മൂലം പാലം നിര്‍മ്മാണം നീണ്ടു പോകുകയായിരുന്നു. 24.21 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. 2024 ജനുവരിയില്‍ 4.33 കോടി രൂപ നിര്‍വഹണ ഏജന്‍സി ഭൂഉടമകളിലേക്ക് നല്‍കുന്നതിലേക്ക് കിഫ്ബി വിഭാഗം തഹസീല്‍ദാര്‍ക്ക് കൈമാറി. ഇന്ന് ഇത് സംബന്ധിച്ച് മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടക്കുന്നുണ്ട്. രേഖകള്‍ ഹാജരാക്കുന്നതിന് നിയമാനുസൃതമുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഒരു രേഖയും ഹാജരാക്കാത്തവര്‍ക്കും ഭാഗികമായി മാത്രം രേഖകള്‍ ഹാജരാക്കിയവര്‍ക്കും ഇതിന് ഒരവസരം കൂടിയാണ് ഇതിലൂടെ നല്‍കുന്നത്.
രേഖകള്‍ ഒന്നും ഹാജരാക്കാത്ത ഒന്‍പത് പേര്‍ക്കും നാല് ആര്‍ആര്‍ കക്ഷികള്‍ക്കും രാവിലെ പതിനൊന്ന് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ രേഖകള്‍ ഹാജരാക്കാം. ഭാഗികമായി മാത്രം രേഖകള്‍ ഹാജരാക്കിയ പതിനഞ്ച് പേര്‍ക്ക് ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ നാല് മണിവരെ സമയം അനുവദിച്ചിട്ടുണ്ട്.
സമയം അനുവദിച്ചിട്ടും രേഖകള്‍ ഹാജരാക്കാത്തവരുടെ തുക എല്‍എആര്‍ ആന്‍ഡ് ആര്‍ അതോറിട്ടിയായ സെക്കന്‍ഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കെട്ടി വച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാം.