രാജ്യത്തെ ഈ ആറ് നഗരങ്ങളിൽ നിന്ന് ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന ആവശ്യവുമായി കേരളം, ശാസ്താംകോട്ടയിൽ റിസർവേഷൻ വേണമെന്നും ആവശ്യം

Advertisement

കൊച്ചി: ലോകത്തിൻറെ ഏത് കോണിലായാലും മലയാളികൾ നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ആഘോഷക്കാലമാണ് ഓണം. അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികൾ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ നാട്ടിലെത്താൻ ബസ്, ട്രെയിൻ ടിക്കറ്റ് കാത്തിരിക്കുന്നത് പതിവ് സംഭവമാണ്. നാട്ടിലെത്താൻ കൊതിച്ച് കാത്തിരുന്നാലും ട്രെയിൻ ടിക്കറ്റ് കിട്ടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ദുരിത യാത്ര നയിക്കുന്ന മലയാളികൾ എല്ലാ ഓണക്കാലത്തെയും കാഴ്ചയാണ്.

ഇത്തവണ ഓണത്തിന് വിവിധ നഗരങ്ങളിൽ നിന്ന് നേരത്തെ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികൾ. കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യം റെയിൽവേ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാണ് റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടത്. അനുവദിക്കേണ്ടതുണ്ട്. കേരളത്തോടുള്ള റെയിൽവേ ബജറ്റിലെ അവഗണനയും കേരളത്തിൻറ ആവശ്യങ്ങളും ചർച്ച ചെയ്യാനായാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കൊടിക്കുന്നിൽ കണ്ടത്.

കൊവിഡ് കാലത്ത് പല ട്രെയിനുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം ഇതുവരെ പൂർവസ്ഥിതിയിലാക്കിയിട്ടില്ലെന്ന കാര്യവം എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയത് അടിയന്തരമായി പുനസ്ഥാപിക്കണം, കേരളത്തിൽ ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികൾ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനുകളായ ആലുവ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഉത്തരേന്ത്യയിലേക്കുള്ള മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം എന്നതും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന കൊല്ലം തിരുപ്പതി എക്സ്പ്രസ്, എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് എന്നിവ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തണം, തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സർവീസ്, കൊല്ലം – എറണാകുളം റൂട്ടിൽ വന്ദേ മെട്രോ മോഡൽ ട്രെയിൻ, തിരുവനന്തപുരം – കോട്ടയം – മംഗലാപുരം വഴി ഡൽഹിയിലേക്ക് രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം – കൊട്ടാരക്കര – തെങ്കാശി വഴി ചെന്നൈ, തിരുവനന്തപുരം – ഹൈദരാബാദ്, കൊല്ലം – മധുര- രാമേശ്വരം, കോട്ടയം – കൊല്ലം – തിരുനെൽവേലി തുടങ്ങിയ പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ഓരോ മൂന്ന് ജില്ലകളെയും ബന്ധിപ്പിച്ച് സർക്കുലർ മെമു സർവീസുകൾ പുതുതായി അനുവദിക്കണമെന്നും റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

Advertisement