അമീബിക് മസ്തിഷ്കജ്വരം , മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

Advertisement

തിരുവനന്തപുരം. സംസ്ഥാനത്ത് കൂടുതൽ പേരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അതുപറഞ്ഞു ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചു. വർഷങ്ങളായി വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് ഇതുവരെ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.

97 ശതമാനം മരണനിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. തുടക്കത്തിലെ രോഗം കണ്ടെത്തി ചികിത്സ നൽകിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. തിരുവനന്തപുരത്ത് ഒരാൾ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണപ്പെട്ടെങ്കിലും രോഗം സ്ഥിരീകരിച്ച മറ്റ് എട്ടുപേർക്കും കൃത്യമായ ചികിത്സ നൽകാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്ന് അടക്കം നൽകിയാണ് ചികിത്സ. തിരുവനന്തപുരത്ത് ഇതുവരെ മൂന്ന് സ്ഥലങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. നെയ്യാറ്റിൻകരയിലെയും നാവായിക്കുളത്തെയും രോഗ ഉറവിടം കണ്ടെത്തിയെങ്കിലും പേരൂർക്കടയിലെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അതു പറഞ്ഞു ചികിത്സ തേടണം.തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തുടക്കത്തിലെ രോഗലക്ഷണം കണ്ട് ചികിത്സ നൽകിയില്ലെങ്കിൽ സ്ഥിതി സങ്കീർണ്ണം ആകുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. ലോകത്ത് ഇതുവരെ രോഗമുക്തി കൈവരിച്ചിരിക്കുന്നത് 11 പേർ മാത്രമാണ്. കേരളത്തിൽ രണ്ടുപേർ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് മെഡിക്കൽ ബോർഡിൻറെ ഏകോപനത്തിൽ ഫലപ്രദമായ ചികിത്സ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Advertisement