വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 13 ചൊവ്വ

BREAKING NEWS

👉വയനാട് ദുരന്തം: കാണാതായവർക്ക് വേണ്ടി ഇന്നും തിരച്ചിൽ തുടങ്ങി

👉 ഔദ്യോഗിക കണക്കനുസരിച്ച് ഇനി 130 പേരെയാണ് കണ്ടെത്തേണ്ടത്. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള 5 അംഗ ഭൗമ സംഘം ഇന്ന് എത്തും

👉എറണാകുളത്ത് മാവോയിസ്റ്റ് നേതാവായ മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തുന്നു

👉രാവിലെ 6.10നാണ് റെയ്ഡ് ആരംഭിച്ചത്.
കൊച്ചി, ഹൈദ്രാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.

👉തിരുവല്ല കല്ലൂപ്പാറയിൽ വാഹനാപകടം 19കാരൻ മരിച്ചു.

👉സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്.

👉കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും.

👉 കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ 16 -ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്.

👉തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.

🌴കേരളീയം🌴

🙏 വയനാട്ടില്‍ കനത്ത മഴ. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് അതിതീവ്ര മഴ. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവന്‍ചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റര്‍ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

🙏 മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി. മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികള്‍ ഉറപ്പുവരുത്തണമെന്നും അല്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

🙏ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോ എന്നറിയാനുമായി ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് വയനാട്ടിലെത്തുക. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സര്‍ക്കാര്‍ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.

🙏 വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യൂ മന്ത്രി കെ.രാജന്‍. ദുരന്തത്തില്‍പ്പെട്ടവരെ എവിടേക്കെങ്കിലും പറഞ്ഞയക്കുക എന്ന തരത്തിലല്ല പുനരധിവാസം നടത്തുന്നതെന്നും ശാസ്ത്രീയപരിശോധന ഇതിന് വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

🙏 വയനാട് ദുരന്തത്തില്‍പ്പെട്ട ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ കേരളാ ബാങ്ക് എഴുതിത്തള്ളി. വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍, കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും, ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിതള്ളാനാണ്
ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.

🙏 ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നത്. ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

🙏 കെട്ടിടനിര്‍മ്മാണം നടക്കുന്ന പ്ലോട്ടില്‍ ആവശ്യമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിര്‍മാണ ചട്ടത്തിലെ വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വര്‍ഷങ്ങളായുള്ള പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ പെര്‍മിറ്റിന്റെ കാലാവധി 15 വര്‍ഷംവരെ നീട്ടിനല്‍കുമെന്നും മന്ത്രി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

◾ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദവും കാര്യക്ഷമവുമാക്കുമെന്നും മന്ത്രി എം.ബി.രാജേഷ്. വ്യാപാര സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസര്‍ഫീസ് നിശ്ചയിച്ച് നല്‍കും. ചില നഗരസഭകളില്‍ എല്ലാ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് നടപടി.

◾മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ അന്തര്‍ സംസ്ഥാന പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ച് ബാംഗ്ലൂരില്‍ ചേര്‍ന്ന മന്ത്രിതല യോഗം. മനുഷ്യരും -ആനയും തമ്മിലുള്ള സംഘര്‍ഷ – പരിപാലനം സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ചാണ് മന്ത്രി തല യോഗം ചേര്‍ന്നത്. കേരളത്തിന്റെ ആക്ഷന്‍ പ്ലാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചതായി സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പന്തീരാങ്കാവ് പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് നടപടി. സുരക്ഷാ സേനയാണ് ഇയാളെ ദില്ലി പൊലീസിന് കൈമാറിയത്. കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഇയാളെ പിന്നീട് വിട്ടയച്ചു.

◾സഹകരണ മേഖലപ്രശ്നങ്ങളില്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. സി പി എം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തുകയാണ്. കള്ളവോട്ട് കൊണ്ട് പിടിച്ചെടുത്ത ബാങ്കുകള്‍ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് സതീശന്‍ നിലപാട് കടുപ്പിച്ചത്.

◾ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25000 രൂപയായിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഈ മാസം 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

◾ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഒരുമാസത്തിനകം നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി പൂര്‍വ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥര്‍ ചെയ്തില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

◾ മലപ്പുറം കിഴിശേരി ആള്‍ക്കൂട്ട കൊലപാതക കേസില്‍ വിചാരണക്കിടെ തുടരന്വേഷണം നടത്താന്‍ പൊലീസിന് കോടതി അനുമതി നല്‍കി. ബിഹാറില്‍ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായത്. കൂടുതല്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയത്.

🙏 തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ബഡ്സ് ആക്ട് പ്രകാരം സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ജില്ലാ ഭരണകൂടം. സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര സ്വത്തുകളുടെ മഹസ്സര്‍,ലൊക്കേഷന്‍ സ്‌കെച്ച്,തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും.

🙏 ആലപ്പുഴയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല.

🙏 കോട്ടയം, നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ പെന്‍ഷന്‍ വിഭാഗം സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍. പെന്‍ഷന്‍ വിഭാഗം സൂപ്രണ്ട് ശ്യാം, സെക്ഷന്‍ ക്ലര്‍ക്ക് ബിന്ദു കെ.ജി., അക്കൗണ്ട് വിഭാഗത്തില്‍ ബില്‍ തയാറാക്കുന്ന സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

🙏 സ്‌കൂട്ടര്‍ തെന്നി വീണ് നടുറോഡില്‍ വീണ യുവാവ് കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവല്ല കവിയൂര്‍ സ്വദേശി ജയ്സണ്‍ ജേക്കബ് (19) ആണ് മരിച്ചത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം നടന്നത്.

🇳🇪 ദേശീയം 🇳🇪

🙏 സ്വാതന്ത്ര്യ ദിന അവധി ദിവസത്തിലെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ് അനുവദിച്ചത്.

🙏 ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് അതിശക്ത മഴ . രാജസ്ഥാന്‍, ഹിമാചല്‍, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേര്‍ മരണമടഞ്ഞു. നാല് സംസ്ഥാനങ്ങളിലായി 8
പേരെ കാണാതായിട്ടുണ്ട്.

🙏 കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം.

🇦🇺 അന്തർദേശീയം 🇦🇽

🙏ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന നിക്ഷേപകന്‍ ഹംഗേറിയന്‍ വംശജനും യു.എസ് നിക്ഷേപകനുമായ ജോര്‍ജ് സോറോസാണെന്ന ആരോപണവുമായി
ബി.ജെ.പി.

🙏 ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി രാജ്യത്തെ ഇടക്കാലസര്‍ക്കാരിലെ മുഖ്യഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ്. ഇത് വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവമാണെന്നും ഒടുവില്‍ ഈ നിമിഷമെത്തിയെന്നും മോണ്‍സ്റ്റര്‍ പോയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

Advertisement