ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ നിർണായക വഴിത്തിരിവ്

Advertisement

ഷിരൂര്‍. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിൽ നിർണായക വഴിത്തിരിവ്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുൻ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. നാളെ രാവിലെ മുതൽ തിരച്ചിൽ വീണ്ടും തുടരും

നേവിയുടെ വരവ് പ്രതീക്ഷിച്ചായിരുന്നു ഇന്നത്തെ പാതി ദിനത്തിലെ കാത്തിരിപ്പ്. പുഴയിലിറങ്ങിയുള്ള തിരച്ചിലിന് നേവിക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലെന്ന വിവരം ഉച്ചയോടെ പുറത്തുവന്നു. പ്രതീക്ഷ നിരാശയായി മാറി. എന്നാൽ കാർവാർ എം എൽ എയുടെ ഇടപെടലിലൂടെ ഈശ്വർ മാൽപ്പെ വീണ്ടും രക്ഷാവേഷത്തിലെത്തി. സധൈര്യം ഗംഗാവലിയുടെ ആഴങ്ങളിലേക്കിറങ്ങി. നാല് സ്പോട്ടുകളിലെ ഒന്നിൽ ഒമ്പത് തവണ ഡൈവ് ചെയ്തു.

തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും, ടാങ്കറിൻ്റെ ചില ഭാഗങ്ങളും കണ്ടെത്തി. നാളെ രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ പരിശോധന തുടരും. ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾക്ക് പുറമേ എന്‍ഡിആർഎഫ്, എസ് ഡി ആർ എഫ്, നാവികസേന അംഗങ്ങൾ കൂടി ദൗത്യത്തിന്റെ ഭാഗമാകും. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് അർജുന്റെ കുടുംബം പ്രതികരിച്ചു

ഗംഗാവലി പുഴയിലെ ഒഴുക്ക് രണ്ട് നോട്സായി കുറഞ്ഞത് തെരച്ചിലിന് ഗുണകരമാകും, ഷിരൂരിൽ കാലാവസ്ഥയും അനുകൂലമായി തുടരുകയാണ്‌

Advertisement