അമ്മ ജീവനൊടുക്കി, നിർത്താതെ കരഞ്ഞ് കുഞ്ഞ്; ആദിവാസിക്കുട്ടിയെ പാലൂട്ടി അമൃത

Advertisement

അഗളി (പാലക്കാട്: പെറ്റമ്മ മരിച്ചതറിയാതെ ആ കുഞ്ഞു നിർത്താതെ കരഞ്ഞത് അമ്മിഞ്ഞപ്പാലിനു വേണ്ടിയായിരുന്നു. കണ്ടുനിൽക്കാൻ അമൃതയ്ക്കു കഴിഞ്ഞില്ല. നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാത്സല്യത്തോടെ പാലൂട്ടി. കുഞ്ഞ് സ്വന്തം അമ്മയുടെ നെഞ്ചിലെന്ന പോലെ അമൃതയുടെ ചൂടേറ്റു കിടന്നു. കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡിൽ ലവൽ സർവീസ് പ്രൊവൈഡറാണു സ്നേഹാമൃതം ചുരത്തിയ ആ അമ്മ.

അട്ടപ്പാടി വണ്ടൻപാറയിൽ തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയ ആദിവാസി യുവതി സന്ധ്യയുടെ (27) നാലു മാസം പ്രായമുള്ള മകൻ മിദർശാണു നിർത്താതെ കരഞ്ഞത്. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ വർക്കർക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതാണ് അമൃത.

മൃതദേഹം എത്തുന്നതു കാത്തു ദുണ്ടൂരിൽ സന്ധ്യയുടെ വീട്ടിലിരിക്കുമ്പോഴാണു തൊട്ടടുത്ത് സന്ധ്യയുടെ സഹോദരിയുടെ വീട്ടിൽ മിദർശ് നിർത്താതെ കരയുന്നതു കണ്ടത്. കുഞ്ഞുമിദർശിന്റെ കരച്ചിൽ കേട്ട് അമൃതയുടെ അമ്മമനം തുടിച്ചു. അമൃത ഓർത്തത് എട്ടു മാസം പ്രായമായ തന്റെ മകൾ വേദയുടെ മുഖമാണ്. കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടുകാർ അനുവദിച്ചു. വിശപ്പും ക്ഷീണവും മാറി ഉറങ്ങിയ മിദർശിനെ ബന്ധുക്കൾക്കു കൈമാറിയാണു മടങ്ങിയത്.

Advertisement