കാഫിർ സ്ക്രീൻഷോട്ട്,സത്യാവസ്ഥ പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പിൽ,യഥാർത്ഥ സിപിഐഎമ്മുകാർ ഇത് ചെയ്യില്ല , കെ കെ ശൈലജ

Advertisement

കോഴിക്കോട്.വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതികരണവുമായി നേതാക്കൾ. സത്യാവസ്ഥ പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചപ്പോൾ, കാഫിർ പോസ്റ്റ് ഉണ്ടാക്കിയവർ ആരാണെങ്കിലും പിടിക്കപ്പെടണമെന്നും യഥാർത്ഥ സിപിഐഎമ്മുകാർ ഇത് ചെയ്യില്ല എന്നുമായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിൽ സ്ക്രീൻ ഷോട്ടിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആണെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിറകെയാണ് നേതാക്കളുടെ പ്രതികരണം. തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ പോലീസ് ഇപ്പോൾ കണ്ടെത്തിയെന്നും സിപിഐഎം പോരാളിമാരുടെ പങ്ക് പുറത്തുവന്നതിൽ സന്തോഷം എന്നും ഷാഫി പറമ്പിൽ എംപി. സിപിഐഎം നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഷാഫി ചോദിച്ചു.

മുൻ എംഎൽഎ കെ കെ ലതിക ഉൾപ്പെടെയുള്ളവരുടെ പങ്കുവക്തം ആണെന്നും ഭീകര പ്രവർത്തനത്തിന് സമാനമാണ് സിപിഐഎമ്മിന്റെ പ്രവർത്തിയെന്നും വി ഡി സതീശൻ.

കുറ്റക്കാരെ കണ്ടെത്തും വരെ യുഡിഎഫ് സമരം തുടരുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ടിനെ തള്ളിപ്പറഞ്ഞ വടകരയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന
കെ കെ ശൈലജ, തനിക്കെതിരെ ഉയർന്ന ലൗ ജിഹാദ് പരാമർശം ഉൾപ്പെടെയുള്ള വ്യാജ പ്രചരണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു. പോലീസ് റിപ്പോർട്ടിലെ സൈബർ ഗ്രൂപ്പുകളെ കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്. പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും കെ കെ ശൈലജ.

കേസ് അടുത്ത ദിവസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.