കൊച്ചി.പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനേയും ഭാര്യയേയും കൗൺസിലിംഗിന് വിട്ട് ഹൈക്കോടതി. ഇതിൽ റിപ്പോർട്ട് ലഭിച്ചശേഷം കേസ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കും. റിപോർട്ട് മുദ്രവെച്ച കവറിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ഹൈക്കോടതി നിർദേശ പ്രകാരം പന്തീരങ്കാവ് ഗാർഹിക പീഡനകേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയും കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നൽകി. ആദ്യം പെണുകുട്ടിയോടാണ് ജസ്റ്റിസ് ബദറുദ്ദീൻ കാര്യങ്ങൾ തിരക്കിയത്. തനിക്ക് പരാതിയില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. പിന്നീട് രാഹുലിനോട് ഭാര്യയെ ഉപ്രദവിച്ചിരുന്നോയെന്ന് ചോദിച്ചു. ഉപദ്രവിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. ശേഷം സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയിൽ വായിച്ചു.
പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവെന്നും പരാതി കിട്ടിയത് ശേഷം രാഹുൽ മുങ്ങി എന്നും അഭിഭാഷകൻ പറഞ്ഞു. രാഹുല്‍ പി ഗോപാലിനെതിരായ പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണെന്നും എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടർന്നാണ് ഇരുവർക്കും കൗണ്‍സിലിംഗ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. ഇതിൻ്റെ റിപ്പോർട്ട് 27 ന് സമർപിക്കണമെന്നും കോടതി ഉത്തരവിട്ടു. കൗൺസിലിംഗ് റിപ്പോർട്ട് തൃപ്തികരം എങ്കിൽ അവരെ ഒരുമിച്ചു വിടുമെന്നും കോടതി വ്യക്തമാക്കി.