വയനാട് ദുരന്തബാധിതര്‍ക്ക് ആറ് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി നല്‍കും

Advertisement

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കും. എസ്ഡിആര്‍എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക. കാണാതായവരുടെ ആശ്രിതര്‍ക്കും സഹായം നല്‍കുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലും പൊതു ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന വീടുകള്‍ക്കും ഇത്തരത്തില്‍ വാടക നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 നു സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യുണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യപ്ലിക്കേറ്റ്/പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫീസും ഈടാക്കാന്‍ പാടുള്ളതല്ല എന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്.

Advertisement