7 മണിമുതൽ 11വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി കെഎസ്ഇബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍‍ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണമാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നു. പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിലാണ് വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് അറിയിച്ചത്. വൈദ്യുതി ലഭ്യതയുടെ പരിമിതി എത്ര ദിവസം നേരിടേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടില്ല.

സംസ്ഥാനത്ത് മഴ ശക്തമാകുകയും അണക്കെട്ടുകളിലെ നീരൊഴുക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ലെന്ന സൂചനകളാണ് മുൻപ് അധികൃതർ നൽകിയത്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വ്യക്തമായത്.

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 ലെ വകുപ്പ് 8 പ്രകാരം 5000 വാട്സിനുമുകളിൽ കണക്റ്റഡ് ലോഡുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾ ത്രീ ഫേസിലേക്ക് മാറേണ്ടതുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഒരു ഫേസിലെ വൈദ്യുതി തടസ്സപ്പെട്ടാലും മറ്റു രണ്ട് ഫേസുകളിലൂടെ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ ത്രീ ഫേസിലേക്ക് മാറുന്നത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

ആകെ വൈദ്യുത ലോഡ് മൂന്ന് ഫേസിലായി വീതിക്കപ്പെടുന്നതുകൊണ്ടുതന്നെ വയറിംഗിൻ്റെ സുരക്ഷയ്ക്കും ഉപകരണങ്ങളുടെ ദീർഘായുസ്സിനും ഇത് ഗുണകരമാണ്. 1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചോ 9496001912 എന്ന നമ്പരിൽ വാട്സാപ് സന്ദേശമയച്ചോ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ ഫേസ് മാറ്റത്തിനായി ആവശ്യപ്പെടാവുന്നതാണെന്ന് കെഎസ്ഇബി കൂട്ടിച്ചേർത്തു.

Advertisement