ദുരിയാന്‍പഴം, ഈ കാര്യങ്ങള്‍ അറിയാമോ

Advertisement

കണ്ടാൽ ഒരു പ്രത്യേകതരം ചക്കപ്പഴം , എല്ലാപ്പഴങ്ങളുടെയും ആരാധകരായ മലയാളികള്‍ ദുരിയാനും തങ്ങളുടെ തോട്ടത്തില്‍ ഇനി ഇടം കണ്ടെത്തും. അതാണ് ദുരിയാൻ. തെക്കു കിഴക്കൻ ഏഷ്യയിൽ ‘പഴങ്ങളുടെ രാജാവ്’ എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്. ഫുട്ബാളിന്റെ വലിപ്പവും പുറത്ത് കൂർത്തുമൂർത്ത നീളൻ കട്ടിമുള്ളുകളും – ഇതാണ് ദുരിയാൻ പഴത്തിന്റെ രൂപം.

മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ദുരിയാന്റെ ജന്മദേശം. ആഞ്ഞിലിച്ചക്കയോടോ പ്ലാവിലെ ചെറിയ ചക്കയോടോ ദുരിയാന് രൂപസാദൃശ്യം കണ്ടെത്തിയാൽ തെറ്റില്ല. ഇതിന്റെ ഉൾഭാഗം ചക്കയിലെ ചുളകൾ പോലെ തന്നെയാണ്. ചുളയ്ക്കുള്ളിൽ ചക്കക്കുരുവിനേക്കാൾ വലിപ്പമുള്ള ഓരോ വിത്തുമുണ്ടാകും. കുരുവിന്റെ മുകളിൽ ആത്തപ്പഴത്തിന്റേതുപോലെ പറ്റിയിരിക്കുന്ന മാംസളഭാഗമാണ് ഭക്ഷ്യയോഗ്യം. ഒരു പഴം പരമാവധി മൂന്ന്് കിലോ വരെ തൂക്കമുണ്ടാകും.

ഏഷ്യയിലെ എല്ലാ വിപണികളിലും ദുരിയാൻ പഴം വിൽപ്പനയ്ക്കെത്താറുണ്ട്. ‘ദുരി’ എന്ന മലയൻ പദത്തിൽ നിന്നാണ് ഈ പഴത്തിന് ‘ദുരിയാൻ’ എന്ന പേര് കിട്ടിയത്. ‘ദുരി’ എന്നാൽ മുള്ള് എന്നർഥം.

ദുരിയാന്റെ വേറിട്ട സവിശേഷത അതിന്റെ പ്രത്യേകതരം ഗന്ധമാണ്. ഇത് അല്പം രൂക്ഷഗന്ധമാണുതാനും. ഈ ഗന്ധം ഒരേ സമയം ഇഷ്ടപ്പെടുന്നവരുമുണ്ട്. ഇഷ്ടപ്പെടാത്തവരുമുണ്ട്.

നന്നായി പരിചരിച്ചു വളർത്തുന്ന പ്രായപൂർത്തിയെത്തിയ ഒരു മരത്തിൽ നിന്ന് കുറഞ്ഞത് 40 മുതൽ നാനൂറിലേറെ ചക്ക കിട്ടും. ഓരോ ചക്കയ്ക്കും നൂറ് രൂപയ്ക്കടുത്ത് വിലയുണ്ട്.

ഓരോ ചക്കയിലും പത്തുമുതൽ നാൽപതു വരെ ചുളകളുണ്ടായിരിക്കും. ചക്കയുടെ ഉൾവശം നാലു ഭാഗങ്ങളായി തിരിഞ്ഞാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനുള്ളിലാണ് ചുളയിരിക്കുന്നത്.

സാധാരണ ഗതിയിൽ മൂപ്പെത്തുമ്പോൾ പഴുത്ത ചക്ക തുല്യഭാഗങ്ങളായി പൊട്ടിവിടരും. അപ്പോൾ ചുളകൾ നിരന്നു കാണാം. ദുരിയാൻ പഴം മരത്തിൽ നിന്നുതന്നെ വിളഞ്ഞു പഴുക്കുന്നതാണ് രുചികരം. പഴങ്ങൾ 5 ദിവസം വരെ കേടാകാതിരിക്കും. ചുളകൾ പനയോലയിൽ പൊതിഞ്ഞ് തണുപ്പിച്ച് സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടാകാതിരിക്കും.

വിളവെടുപ്പ് നടത്തുന്നതോടൊപ്പം വളപ്രയോഗവും നടത്തണം. ഓരോ മരത്തിനും അഞ്ചു കിലോ വീതം എല്ലുപൊടിയും പത്തുകിലോ വീതം ഉണങ്ങിയ ചാണകപ്പൊടിയും മതിയാകും. ഇത് മൂന്ന് തവണയായി നൽകണം.

ദുരിയാൻ പഴത്തിന് ആരോഗ്യ പരിരക്ഷാ മേൻമകളും നിരവധി ഉണ്ട്.

  1. ശരീരത്തിലെ സീറോടോണിൻ നില ഉയർത്തുന്നതു വഴി ശാരീരിക സ്വാസ്ഥ്യം നൽകുന്നു. ക്ഷീണം അകറ്റുന്നു. സ്ന്തോഷം പ്രദാനം ചെയ്യുന്നു.
  2. പേശീ നിർമാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രവർത്തനത്തിനും സഹായിക്കുന്നു.
  3. വാർധക്യസഹജമായ അവസ്ഥകൾ കുറയ്ക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു
  4. ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റുന്നു
  5. രക്തശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു
  6. മൃദുമാംസം ധാരാളം ഉള്ളതിനാൽ പേശീനിർമാണത്തിന് സഹായിക്കുന്നു
  7. ധാരാളം മാംഗനീസ് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായകമാകുന്നു

മധുരപലഹാരങ്ങൾ, കാൻഡി, ബിസ്കറ്റ്, ഐസ്ക്രീം, മിൽക് ഷേക്ക് എന്നിവ തയ്യാറാക്കാൻ ദുരിയാൻ പഴം ഉത്തമമാണ്

Advertisement