സ്വർണ വില വീണ്ടും ഈ മാസത്തെ ഉയർന്ന നിരക്കിൽ; നികുതിയടക്കം ഇന്ന് വില ഇങ്ങനെ, വെള്ളിക്കും വിലക്കയറ്റം

Advertisement

കൊച്ചി: വിവാഹ സീസണും ഓണക്കാലവും പടിവാതിലിൽ എത്തിനിൽക്കേ, ആഭരണപ്രിയരെയും വിതരണക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് 6,565 രൂപയായി. 80 രൂപ ഉയർന്ന് 52,520 രൂപയാണ് പവൻ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയുമാണിത്.

വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതും കനംകുറഞ്ഞതുമായ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങൾ നിർമിക്കാൻ പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 5,425 രൂപയായി. വെള്ളി വിലയും ഗ്രാമിന് ഒരു രൂപ വർധിച്ച് 89 രൂപയിലെത്തി. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഈ വില വർധന തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി വാങ്ങുന്നവർക്കും വില വർധന പ്രതിസന്ധിയാകും

രാജ്യാന്തര വിപണിയുടെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വർണ വിലയെയും സ്വാധീനിക്കുന്നത്. ഔൺസിന് 2,451 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില പിന്നീട് 2,461 ഡോളർ വരെ ഉയർന്നത് കേരളത്തിലും പ്രതിഫലിച്ചു. നിലവിൽ വ്യാപാരം നടക്കുന്നത് 2,452 ഡോളറിലാണ്.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ കഴിഞ്ഞമാസം റീറ്റെയ്ൽ പണപ്പെരുപ്പം കുറഞ്ഞതിനാൽ സെപ്റ്റംബറിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് (ഫെഡ് റേറ്റ്) കുറയ്ക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. പലിശ കുറയുന്നത് സ്വർണത്തിന് അനുകൂലമാണ്; വില കൂടും. ഇത് ഇന്ത്യയിലെ വില വർധിക്കാനും ഇടവരുത്തിയേക്കും.

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 56,855 രൂപ കൊടുത്താൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാം. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.

Advertisement