പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്തെന്ന പരാതി: കൊല്ലത്ത് സിപിഎം വനിതാ നേതാവ് അറസ്റ്റിൽ

Advertisement

കൊല്ലം: പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്ത സിപിഎം വനിതാ നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗമായ ഉളിയക്കോവിൽ സ്വദേശിനി ഷൈലജയാണ് അറസ്റ്റിലായത്. വളരെ നേരത്തേതന്നെ തപാൽ വകുപ്പ് പരാതി നൽകിയിട്ടും അന്വേഷണത്തിൽ പൊലീസ് മെല്ലെപ്പോക്കുനയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഷെലജയെ പൊലീസ് അറസ്റ്റ് ചെയ്തത്.

തപാൽ വകുപ്പിന്റെ മഹിളാ പ്രധാൻ ഏജൻറായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതൽ 2022 വരെ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകയാണ് ഷൈലജ കൈക്കലാക്കിയത്. ദേശീയ സമ്പാദ്യ പദ്ധതി കൊല്ലം ഡപ്യൂട്ടി ഡയറക്ടർക്ക് ഒരു വർഷം മുൻപ് ലഭിച്ച പരാതിയാണ് അന്വേഷണത്തിന് പൊലീസിന് കൈമാറിയത്. എന്നാൽ തപാൽ വകുപ്പിൻറെ പരാതി ഉണ്ടായിട്ടും ഏറെ കാലതാമസം വരുത്തിയാണ് പ്രതിയെ പിടികൂടിയത്.

എത്ര നിക്ഷേപകരുടെ എത്ര രൂപ നഷ്ടപ്പെട്ടു, ഏതു രീതിയിലാണ് തട്ടിപ്പ് നടത്തിയത് എന്നതിലൊക്കെ അന്വേഷണം ആവശ്യമാണ്. എന്നാൽ, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെ നടത്താൻ പൊലീസ് തയാറായിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന പ്രതി ജാമ്യത്തിനായി നിലവിൽ ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. പരാതിക്കാരായ ചില സ്ത്രീകൾക്ക് ഷൈലജ പണം തിരികെ നൽകാനും ശ്രമിച്ചതായാണ് വിവരം. കേസിൽ വിശദമായി അന്വേഷണം ആവശ്യമാണെന്ന് തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നു.