സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ അനിശ്ചിതത്വം. നടി രഞ്ജിനിയുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ നിലപാട് എടുത്തത്. റിപ്പോർട്ട് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് പുറത്തുവിടുന്നതിന് വിടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് തീരുമാനം മാറ്റിയ വിവരം അറിയിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകും എന്നായിരുന്നു അറിയിപ്പ്. ഇതിനിടെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയെ സമീപിച്ചു എന്ന് നടി രഞ്ജിനി സർക്കാരിനെ അറിയിച്ചു. ഇതോടെയാണ് സാംസ്കാരിക വകുപ്പ് ആശയക്കുഴപ്പത്തിലായത്. മൊഴി നൽകിയ തനിക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും, തന്റെ മൊഴി എങ്ങനെയാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്നുമാണ് രഞ്ജിനിയുടെ വാദം. തിങ്കളാഴ്ചയാണ് ഹർജി കോടതി പരിഗണിക്കുന്നത്. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് തൽക്കാലം പുറത്തുവിടേണ്ട എന്ന തീരുമാനത്തിൽ സംസ്കാരിക വകുപ്പ് എത്തിയത്. രഞ്ജിനിയുടെ ഹർജിയുടെ നിലനിൽപ്പ് തന്നെ സംശയമാണെന്നും, റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവീ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
19 ക്കുള്ളിൽ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇന്ന് റിപ്പോർട്ട് പുറത്തുവിടുന്നത് തടസ്സമില്ലെന്ന നിയമപദേശവും സർക്കാരിന് ലഭിച്ചിരുന്നു. എന്നിട്ടും സർക്കാരിൻറെ പിന്മാറ്റം എന്തുകൊണ്ടെന്ന് വ്യക്തമല്ല.