‘ഹേമ കമ്മിറ്റിയോട് ഞാൻ നാലുമണിക്കൂർ സംസാരിച്ചു’; മറ്റുള്ളവർ എന്ത് പറഞ്ഞെന്നറിയില്ലെന്ന് മുകേഷ്

Advertisement

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് നടനും എംഎൽഎയുമായ എം മുകേഷ്. ഹേമ കമ്മിറ്റിയോട് നാലുമണിക്കൂർ സംസാരിച്ചു. ഇത്രയും നേരം സംസാരിച്ചതിന് തന്നെ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ളവർ എന്ത് പറഞ്ഞെന്ന് തനിക്കറിയില്ല. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലകളിലും പ്രവൃത്തിക്കുന്ന സ്ത്രീകൾക്കും സംരക്ഷണം നൽകണമെന്ന് മുകേഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് കൊണ്ട് ഡാമേജിങ് ആയതൊന്നും വരുമെന്ന് എനിക്ക് തോന്നുന്നില്ല. കാര്യഗൗരവമുള്ള കാര്യങ്ങളാണ്. എല്ലാ സ്ഥലത്തും സ്ത്രീകൾക്ക് പരിഗണനയും സ്ത്രീകളുടെ കാര്യങ്ങൾക്ക് ഗൗരവവും ആവശ്യമാണെന്ന് മുകേഷ് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റ് റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി സമർപ്പിച്ച ഹർജി കോടതിയിലെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനം സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.

റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നടി രഞ്ജിനി കോടതിയെ സമീപിച്ചത്. ഇക്കാര്യം രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിടേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും അവരെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്പിഐഒ) ആണ് റിപ്പോർട്ട് പുറത്ത് വിടേണ്ടത്. ഇക്കാര്യത്തിൽ വെപ്രാളം എന്തിനാണെന്നും മന്ത്രി ചോദിച്ചു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാമെന്ന് വിവരവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അതിനെ സർക്കാർ എതിർത്തിട്ടില്ല. റിപ്പോർട്ട് പുറത്തുവിടുന്നതിനോട് സക്കാർ യോജിക്കുകയാണ്. കോടതി പറഞ്ഞ സമയത്തിനുള്ളിൽ എസ്പിഐഒ റിപ്പോർട്ട് പുറത്തുവിടണം. സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല, സർക്കാരിനിതിൽ റോളില്ല. റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു വ്യക്തമാക്കി.