കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കനത്ത മഴയിൽ ഉരുൾപൊട്ടി. മാങ്ങാപേട്ടയിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് ഉരുൾപൊട്ടിയത്. വെള്ളിയാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണ് സംഭവം. വലിയ രീതിയിലുള്ള കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ആളപായമില്ല.
രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മലയോരമേഖലയായ കൂട്ടിക്കലിൽ മണ്ണിടിച്ചിൽ ഉണ്ടായി. ശക്തമായ മലവെള്ളപ്പാച്ചിലിൽ മണിമലയാർ നിറഞ്ഞൊഴുകി. നിലവിൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. മല്ലപ്പള്ളി, തിരുവല്ല, കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്.
മണിമലയാറ്റിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ നിർദേശിച്ചു. അതിശക്തമായ മഴ സാധ്യതയെ തുടർന്ന് കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ഓഗസ്റ്റ് 17, 18) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി.
മഴ ഇന്ന് രാത്രിയും ശക്തമായി തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും അറിയാൻ കഴിഞ്ഞതെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്നും ആളുകൾ ഈ മേഖലകളിൽനിന്നു സ്വയം മാറിനിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
The photo showing place is mundakkai 🥺