ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും

Advertisement

കൊച്ചി. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും. നടി രഞ്ജിനി നൽകിയ ഹർജി കോടതി പരിഗണിച്ചതിനുശേഷമാകും സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് കൂടുതൽ ഹർജികൾ എത്താനും സാധ്യത.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അനിശ്ചിതത്വം ഇപ്പോഴും അവസാനിച്ചിട്ടില്ല. കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവർക്ക് റിപ്പോർട്ടിന്റെ പകർപ് ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യം മൊഴി നൽകിയവർക്ക് റിപ്പോർട്ട് നൽകണമെന്നാണ് നടി രഞ്ജിനിയുടെ ആവശ്യം. കോടതി ഹർജി തള്ളിയാൽ നാളെത്തന്നെ റിപ്പോർട്ട് പുറത്തുവിടുമോ എന്നതാണ് ആകാംഷ. എന്നാൽ റിപ്പോർട്ട് പുറത്തു വിടരുത് എന്ന് ആവശ്യപ്പെടില്ലെന്ന് നടി രഞ്ജിനി ചാനലിനോട് പറഞ്ഞു.

ആദ്യം മൊഴി നൽകിയവർക്ക് റിപ്പോർട്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ റിപ്പോർട്ട് പുറത്തുവരുന്നത് വൈകും. നാളെത്തന്നെ കൂടുതൽ ഹർജികൾ സിനിമ മേഖലയിൽ നിന്ന് കോടതിയിൽ എത്താനും സാധ്യതയുണ്ട്. സർക്കാർ മനപ്പൂർവ്വം റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ ശ്രമം നടത്തുന്നു എന്ന ആരോപണവും ശക്തമാണ്.

Advertisement