ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തല്‍

Advertisement

കോട്ടയം. ജെസ്ന തിരോധാന കേസിൽ വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി.
കാണാതാകുന്നതിന് രണ്ട് ദിവസം മുന്പ് ജെസ്നയെന്ന തോന്നുന്ന പെൺകുട്ടിയെ
കണ്ടുവെന്നാണ് വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ ഒരു ലോഡിജിൽ വെച്ചാണ്
കണ്ടെതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പുറത്ത് പറയാതിരുന്നതെന്നും
ഇവർ പറഞ്ഞു. ആരോപണം ലോഡ്ജ് ഉടമ നിഷേധിച്ചു. അതേസമയം
വെളിപ്പെടുത്തൽ അന്വേഷണം വഴിതെറ്റിക്കാനാണെന്ന് ജെസ്നയുടെ പിതാവ്
പ്രതികരിച്ചു.

മുണ്ടക്കയത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സിസിടിവിയിലാണ്
ജെസ്ന നടന്ന് പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള
ലോഡ്ജിൽ ജെസ്ന എത്തിയെന്നാണ് ഇവിടുത്തെ ജോലിക്കാരിയായിരുന്ന
സ്ത്രീ പറയുന്നത്.ഒരു യുവാവും ഒപ്പമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ഇതുരവരെ വിവരം പറയാതിരുന്നത് ലോഡ്ജ് ഉടമയുടെ ഭീഷണിയെ തുടർന്നാണെന്നും
ഇവർ പറയുന്നു. എന്നാൽ ആരോപണങ്ങൾ ലോഡ്ജ് ഉടമ നിഷേധിച്ചു . ജോലിയിൽ നിന്നും
പറഞ്ഞ് വിട്ടതിന്റെ വൈരാഗ്യമാകാമെന്നാണ് വിശദീകരണം.
പൊലീസിൽ മൊഴി നല്കിയെന്നും ലോഡജ് ഉടമ വിശദമാക്കി.

അതേസമയം വെളിപ്പെടുത്തൽ അന്വേഷണം വഴിതിരിച്ച് വിടാനാണെന്നാണ്
ജെസ്നയുടെ പിതാവ് പറയുന്നത്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും
പിതാവ് പറഞ്ഞു.

ലോഡ്ജ് ഉടമയ്ക്കെതിരെ ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി മുണ്ടക്കയം സ്വദേശിനി
നല്കിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഇവരുടെ മൊഴിയെടുക്കാൻ നീക്കമുണ്ട്.