കപ്പൽ ജോലിക്കിടെ കാണാതായ മകൻ വിഷ്ണുവിന് വേണ്ടി പിതാവ് കൈകൂപ്പാത്ത അധികാരകേന്ദ്രമില്ല,ഇനി നീതിപീഠത്തിന്റെ മുന്നിലേക്ക്

Advertisement

ആലപ്പുഴ. ഒരു പൗരനെ നഷ്ടപ്പെട്ടാൽ അയാൾക്ക് എന്തുപറ്റി എന്നുള്ളത് പോലും സ്വന്തം കുടുംബത്തെ അറിയിക്കാൻ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു അച്ഛൻ. ആലപ്പുഴ സ്വദേശി ബാബു തിരുമല എന്ന അച്ഛനാണ് കപ്പൽ ജോലിക്കിടെ കാണാതായ മകൻ വിഷ്ണുവിന് വേണ്ടി നീതിപീഠത്തിന്റെ മുന്നിലേക്ക് എത്തുന്നത്. ജനപ്രതിനിധികളിൽ അടക്കം വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് ഒടുവിൽ ഈ അച്ഛൻ ഹൈക്കോടതിയെ സമീപിക്കുന്നത്

കപ്പൽ ജോലിക്കിടെ മലാക്ക കടലിടുക്കിൽ വച്ച് കാണാതായ വിഷ്ണുവിന് എന്തു പറ്റി എന്നറിയാൻനിറകണ്ണുകളോടെ ഈ അച്ഛൻ ഒരുപാട് ജനപ്രതിനിധികളുടെ മുന്നിൽ പരാതിയുമായി എത്തിയിരുന്നു.
സംസ്ഥാന സർക്കാരിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമടക്കം പരാതി നൽകി. വിഷ്ണുവിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരു മറുപടി പോലും ഔദ്യോഗികമായി ആരും നൽകിയില്ല. ചെന്നൈ ആസ്ഥാനമായ ഡെൻസായി മറൈൻ കാർഗോ എന്ന കമ്പനിയുടെ കപ്പലിലായിരുന്നു ട്രെയിനിങ് വൈപ്പറായി വിഷ്ണു ജോലി ചെയ്തിരുന്നത്.മലാക്ക കടലിടുക്കിൽ വെച്ചാണ് വിഷ്ണുവിനെ ജൂലൈ 18ന് കാണാതാകുന്നത്.കാണാതാകുന്നതിന്റെ തലേദിവസം രാത്രി വരെ അച്ഛനും അമ്മയുമായും സംസാരിച്ച വിഷ്ണുവിന് പിന്നെ എന്തു പറ്റിയെന്ന് ആർക്കും അറിയില്ല.കപ്പൽ കമ്പനി അധികൃതർ മാത്രമാണ് വിവരങ്ങൾ തങ്ങളെ അറിയിക്കുന്നതെന്ന് ഈ കുടുംബം പറയുന്നു.
ഭരണകൂടം നീതി നിഷേധിച്ചതോടെ നീതിപീഠത്തിനു മുന്നിൽ തൊഴുകൈകളുമായി എത്തുകയാണ് ഈ അച്ഛൻ

ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കപ്പൽ കമ്പനി അധികൃതർ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല.സർക്കാർതലത്തിൽ കേന്ദ്രം ഇടപെടൽ നടത്തിയാൽ മകന് എന്ത് സംഭവിച്ചു എന്ന് എങ്കിലും അറിയാമെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. മകൻ നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിൻറെ കണ്ണുനീർ നീതിപീഠമെങ്കിലും കാണുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തിന് അവസാനമായി ഉള്ളത്.

Advertisement