വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 19

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ടാണ്.

🙏 മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയര്‍ വനിതാ ഡോക്ടറുടെ അച്ഛന്‍.

🙏 എയിംസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും കാസര്‍കോടിനാണ് എയിംസ് ആവശ്യമെങ്കില്‍ അത് അവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു.

🙏 വയനാട്ടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

🙏 വയനാട് ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ ചൂരല്‍മലയിലെ ഗ്രാമീണ ബാങ്ക് ഇഎംഐ പിടിച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ക്കുളള നിര്‍ദ്ദേശം.

🙏 വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് . ഇന്ന് തിരുവനന്തപുരത്ത് എസ്എല്‍ബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .

🙏 വയനാട് ഉരുള്‍ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്സ്. ചൂരല്‍ മല മുതല്‍ താഴെ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും വരെ എങ്ങനെയാണ് പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

🙏 മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മുല്ലപ്പെരിയാര്‍ ഡാം ഭീതി പടര്‍ത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഹൃദയത്തില്‍ ഇടി മുഴക്കം പോലെ ആണ് ഡാം നില്‍ക്കുന്നതെന്നും കേരളത്തിന് ഇനി ഒരു കണ്ണീര്‍ താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

🙏 മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്.

🙏 റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.

🙏 പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജാണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ്
ചികിത്സയിലായിരുന്നു.

🙏 ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് അന്തരിച്ചു. 1985 ല്‍ റിലീസ് ചെയ്ത ‘എന്റെ നന്ദിനിക്കുട്ടി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ് എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സനാണ് സംവിധാനം ചെയ്തത് . ഒഎന്‍വി കുറുപ്പ്, രവീന്ദ്രന്‍ ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഈ ചിത്രത്തിലേതാണ് .

🇳🇪 ദേശീയം 🇳🇪

🙏കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ വിഷയം പരിഗണിക്കും. സുപ്രീംകോടതി ഇടപെടല്‍ തേടി രണ്ട് അഭിഭാഷകരും തെലങ്കാനയില്‍ നിന്നുള്ള ഡോക്ടറും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

🙏 കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രമസമാധാന നിലയില്‍ റിപ്പോര്‍ട്ട് തേടി. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്

🙏 ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഐഎന്‍എസ് അഡയാറില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.

🙏 യുഎസിലെ ടെക്‌സാസില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലിയാന്‍ഡറിലെ താമസക്കാരായ അരവിന്ദ് മണി, ഭാര്യ പ്രദീപ അരവിന്ദ്, മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് ലാംപാസ് കൗണ്ടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.

🙏 തമിഴ്നാട് കൊടൈക്കനാലില്‍ മലയാളി യുവാവിന്റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

🙏 ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇന്ത്യ സഖ്യത്തിന് തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 6 എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തി. ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

🙏 മുന്‍മുഖ്യമന്ത്രി ചംപായ് സോറന്റെ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ക്കിടെ പരോക്ഷപ്രതികരണവുമായി ജെ.എം.എം അധ്യക്ഷനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍. അവര്‍ ഗുജറാത്തില്‍നിന്നും അസമില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും നേതാക്കളെ കൊണ്ടുവന്ന് വിഷംകുത്തിവെച്ച് ആദിവാസികളേയും ദളിതരേയും പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും തമ്മില്‍ തല്ലിക്കും.

🇦🇴 അന്തർദേശീയം 🇦🇽

🙏 സൗദി അറേബ്യ എംപോക്സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. എംപോക്സ്
ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോളതലത്തില്‍ എംപോക്സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം.

🙏 ലണ്ടനില്‍ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ വനിതാ ക്രൂ അംഗത്തെ ഹോട്ടല്‍ മുറിയില്‍ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

🙏 റഷ്യയുടെ കൂടുതല്‍ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈന്‍. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍ക്‌സില്‍ സൈനിക ഓഫീസ് തുറന്നിരിക്കുകയാണ് യുക്രൈന്‍ പട്ടാളം. കുര്‍ക്‌സ് മേഖലയില്‍ 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രൈന്‍ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യുക്രൈന്‍ നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.

🏏🏑കായികം🏹🤽🏻‍♀️

🙏 ഡല്‍ഹിയിലെ വന്‍ സ്വീകരണത്തിനു പിന്നാലെ സ്വന്തം നാട്ടുകാര്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കരുതിവെച്ചത് മറ്റൊരു ഗംഭീര സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട താരം വഴിയിലുടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്വന്തം ഗ്രാമമായ ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ബലാലിയിലെത്തിയത് മൂന്നര മണിക്കൂറിന് പകരം 12 മണിക്കൂര്‍ കൊണ്ട്.

Advertisement