233 പേജുകളടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ടര വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ടും ശുപാര്‍ശകളും കൈമാറിയത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നത് തടയാന്‍ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. ഇതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. സിനിമാ മേഖലയില്‍ നിന്ന് മുന്‍നിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങള്‍. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം, വേതന പ്രശ്‌നം, ഇഷ്ടമില്ലാത്ത നടിമാരെ കരിമ്പട്ടികയില്‍പ്പെടുത്തി അവസരങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് കമ്മീഷന്‍ വിശദമായി പരിശോധിച്ചത്. രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.