ഉരുൾപൊട്ടൽ ദുരിത ബാധിതന്റെ അക്കൗണ്ടിൽ നിന്ന് കേരള ഗ്രാമീൺ ബാങ്ക് ഈടാക്കിയ പണം തിരികെ നൽകി

Advertisement

കോഴിക്കോട്. വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതന്റെ അക്കൗണ്ടിൽ നിന്ന് ഈടാക്കിയ പണം തിരികെ നൽകി കേരള ഗ്രാമീൺ ബാങ്ക്. മഞ്ഞച്ചീളി സ്വദേശി സിജോ തോമസിനാണ് പണം തിരികെ നൽകിയത്.

ഉരുൾ പൊട്ടലിൽ ഏകവരുമാനമായ കട തകർന്നതോടെ ജീവിതം വഴിമുട്ടിയ
വിലങ്ങാട് മഞ്ഞച്ചീളി സ്വദേശി സിജോ തോമസിന് പ്രദേശവാസി പതിനയ്യായിരം
രൂപ സഹായം നൽകിയിരുന്നു. ഈ പണമാണ് കേരള ഗ്രാമീൺ ബാങ്ക് പിടിച്ചെടുത്തത്. ബാങ്കിൽ സിജോയ്ക്ക് ലോൺ ഉണ്ടായിരുന്നു. 14ന് സിജോയുടെ അക്കൗണ്ടിൽ എത്തിയ പണം അന്നുതന്നെ തിരിച്ചടവ് ഇനത്തിൽ  കേരള ഗ്രാമീൺ ബാങ്ക് ഈടാക്കി.

പരാതിയുമായി ബാങ്ക് അധികൃതർക്ക് മുന്നിൽ എത്തിയെങ്കിലും സ്വാഭാവിക നടപടി എന്നായിരുന്നു മറുപടി.
തുടർന്ന് ഇന്ന് രാവിലെയോടെ ബാങ്കിൻ്റെ വിലങ്ങാട് ശാഖയിലെത്തി സിജോ പരാതി എഴുതി നൽകി. അതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ ബാങ്കിന് മുന്നിലേക്കെത്തി.

പിന്നാലെയാണ്, പണം തിരികെ നൽകാനുള്ള കേരള ഗ്രാമീൺ ബാങ്കിൻ്റെ തീരുമാനം. ഈടാക്കിയ 15,000 രൂപയും സിജോയുടെ അക്കൗണ്ടിൽ തിരികെ നിക്ഷേപിച്ചു.