ഞെട്ടാന്‍ ഒന്നുമില്ല, എല്ലാം ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍, രേവതി

Advertisement

കൊച്ചി. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളില്‍ ഞെട്ടാന്‍ എന്താണുള്ളതെന്ന് നടിയും ഡബ്‌ള്യുസിസി അംഗവുമായ രേവതി.

തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടാന്‍ ഒന്നുമില്ല. കാരണം എല്ലാം ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണെന്ന് രേവതി പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നാലെ ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയൂ എന്ന് ഡബ്‌ള്യുസിസി പറഞ്ഞത് ഇത്രയും ഗൗരവമേറിയ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണെന്നും രേവതി പറഞ്ഞു.

മലയാളസിനിമയെ ഒരു സുരക്ഷിത മേഖലയാക്കാനാണ് ഡബ്‌ള്യുസിസി ഇത്രയധികം കഷ്ടപ്പെട്ടത്. നീതി താമസിച്ചുവെങ്കിലും ഇപ്പോഴെങ്കിലും ലഭിച്ചതില്‍ കേരളസര്‍ക്കാരിനോട് നന്ദിയുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ വായിച്ചിട്ടില്ല. അതുകഴിഞ്ഞ് ഡബ്‌ള്യുസിസി ഒരുമിച്ച് തീരുമാനമെടുക്കും. അംഗങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും, എല്ലാവര്‍ക്കും റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും രേവതി വ്യക്തമാക്കി.

സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയോടെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥ നിലനില്‍ക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയില്‍ വര്‍ണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയില്‍ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയില്‍ നിന്നും പുറത്താകാന്‍ ശ്രമം നടക്കുന്നു.

സിനിമാ മേഖലയില്‍ ഒരു പവര്‍ ഗ്രൂപ്പ് നിലനില്‍ക്കുണ്ട്. ഇതില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവര്‍ സിനിമയെ നിയന്ത്രിക്കുന്നു. ഈ ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. മലയാള സിനിമയിലെ ഒരു നടന്‍ ഈ പവര്‍ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement