ദുരവസ്ഥ,കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ തറവാട്,ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് ഹേമ കമ്മിറ്റി

Advertisement

കൊച്ചി. മുൻ നിര താരങ്ങൾ അനുഭവിച്ചതിനേക്കാൾ ക്രൂരമായ ദുരനുഭവങ്ങളാണ് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമാ സെറ്റുകളിൽ നേരിടേണ്ടി വന്നതെന്നാണ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ കണ്ടെത്തൽ.. സിനിമാ മേഖല ഏറ്റവും മനുഷ്യത്വരഹിതമായി പെരുമാറുന്നത് ജൂനിയർ ആർട്ടിസ്റ്റുകളോടാണെന്നും റിപ്പോർട്ടിലുണ്ട്…ആവശ്യത്തിന് വെള്ളവും ഭക്ഷണവുമില്ല, പെൺ കുട്ടികളായ ആർട്ടിസ്റ്റുകൾക്ക് ലൈംഗിക ചൂഷണവും നേരിടേണ്ടി വരുന്നെന്നും റിപ്പോർട്ടിൽ പരാമർശം..

ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള പല പരാമർശങ്ങളും ഞെട്ടിക്കുന്നതാണ്..കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ തറവാടാണ് മലയാള സിനിമയെന്ന് റിപ്പോർട്ടിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഭാഗം പരാമർശിക്കുന്ന നൂറ്റി അൻപത്തിമൂന്നാം പേജുമുതൽ പറയുന്നുണ്ട്. അമ്മ എന്ന താര സംഘടന ജൂനിയർ ആർട്ടിസ്റ്റുകളെ അഭിനേതാക്കളായി പോലും പരിഗണിക്കാറില്ല. ജൂനിയർ ടെക്നീഷ്യന്മാരെ ടെക്നീഷ്യന്മാരായും പരിഗണിക്കുന്നില്ല. സിനിമ ചെയ്യാൻ ഇവർ ആവശ്യമാണെങ്കിലും കടുത്ത വിവേചനം നേരിടേണ്ടി വരുന്നുണ്ട് ജൂനിയർ അഭിനേതാക്കൾക്ക്.. ജോലി നഷ്ടപ്പെടുമെന്ന ഭയംകൊണ്ട് കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകാൻ പോലും പലരും വി സമ്മതിച്ചു. തുറന്നു പറഞ്ഞവരാകെട്ടെ വെളിപ്പെടുത്തിയത് നടുക്കുന്ന സംഭവങ്ങൾ.. അടിമകളെക്കാൾ മോശം രീതിയിലാണ് താരങ്ങളും സംവിധായകരും പെരുമാറുന്നത്.. 19 മണിക്കൂറോളം സെറ്റിൽ ജോലി ചെയ്യേണ്ടിവരുന്നുണ്ട്… എന്നാൽ അതിനു തക്ക പ്രതിഫലം ലഭിക്കുന്നില്ല. ശുചി മുറി സൗകര്യമില്ല.. പ്രാഥമിക സൗകര്യങ്ങൾക്ക് സ്ത്രീകൾ ഉൾപ്പെടെ പൊന്തക്കാടുകൾ തേടേണ്ടി വരുന്ന അവസ്ഥ. ഷൂട്ടില്ലാത്ത സമയത്ത് ഇരിക്കാൻ സൗകര്യമില്ല..ഇതെല്ലാം സഹിച്ചു ജോലി ചെയ്താലും ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിക്കാറില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ വെളിപ്പെടുത്തിയതായി ഹേമ കമ്മറ്റി റിപ്പോർട്ട്.. ഷൂട്ടിംഗ് തീർന്നാൽ പിറകെ നടന്ന് യാചിച്ചാലും ശമ്പളമില്ല… 1800 രൂപ മുതൽ ശമ്പളമുണ്ടെങ്കിലും ഇടനിലക്കാരൻ ആർട്ടിസ്റ്റുകൾക്ക് നൽകുന്നത് വെറും 500 രൂപ.. ബാക്കിപണം ഇടനിലക്കാരുടെ പോക്കറ്റിൽ.. ഭക്ഷണം, വെള്ളം, യാത്രചെലവ് ഒന്നുമില്ല.. അതുകൊണ്ടുതന്നെ ജോലി ചെയ്തു തിരിച്ചു പോകുമ്പോൾ പലരുടെയും കീശ കാലി…ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും പതിവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.. സമാനതകളില്ലാത്ത ചൂഷണമാണ് ചലച്ചിത്ര മേഖലയിൽ നടക്കുന്നതെന്നാണ് ഹേമ കമ്മിറ്റി വിരൽ ചൂണ്ടുന്നത്.