തിരുവനന്തരം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി സർക്കാർ. ഗുരുതര കണ്ടത്തലുകളിൽ കേസെടുക്കാൻ സർക്കാറിന്മേൽ സമ്മർദ്ദം. നിയമ നടപടികളിൽ ചർച്ച നടക്കുന്നുവെന്ന് നിയമ മന്ത്രി പി രാജീവ്. റിപ്പോർട്ടിലെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് പരിഗണിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ കേസെടുക്കാനാവില്ല എന്ന് പോലീസ്.
ഗുരുതര കണ്ടെത്തലുകളിൽ നിയമ നടപടി സ്വീകരിക്കാത്തതിൽ സർക്കാരിൻ്റെ ഉരുണ്ട് കളി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനുള്ള കുറ്റകൃത്യങ്ങൾ വരെയുണ്ടെന്ന കണ്ടെത്തലിൽ ഇതുവരെയും നടപടിയെടുക്കാത്തത് ന്യായീകരിക്കാൻ സർക്കാർ വിയർക്കും. ആവശ്യമായ പരിശോധനകൾക്ക് ശേഷം നിയമനടപടിയിൽ തീരുമാനമെടുക്കുമെന്നാണ് നിയമ മന്ത്രി പി രാജീവിന്റെ മറുപടി. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം എന്നും മന്ത്രി പി രാജീവ്.
റിപ്പോർട്ടുമായി ബന്ധപ്പെട്ട നടപടികളിൽ സർക്കാരിന് വീഴ്ചയില്ല എന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വാദം. പുറത്തു വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടിയെടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ എന്നും മന്ത്രി സജി ചെറിയാൻ.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനാവില്ല എന്നാണ് പൊലീസ് നിലപാട്. റിപ്പോർട്ട് സർക്കാരിന് ലഭിച്ചപ്പോൾ തന്നെ പൊലീസിന് കൈമാറിയിരുന്നു. നിയമപരമായ സാധ്യതകൾ ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് പൊലീസ് മടക്കി. റിപ്പോർട്ടിൽ കേസെടുക്കാൻ ശുപാർശയില്ലെന്നും പൊലീസ് നിലപാട് അറിയിച്ചു. അതിനിടെ സിനിമ നയം സംബന്ധിച്ച പഠനത്തിനായി കൺസൾട്ടൻസിയെ നിയമിക്കാൻ സാംസ്കാരിക വകുപ്പ് ഒരുകോടി രൂപ അനുവദിച്ചു. സിനിമ കോൺക്ലേവ് ഉൾപ്പടെയുള്ള കാര്യങ്ങളും സർക്കാരിൻ്റെ പരിഗണനയിലാണ്.