റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു

Advertisement

തൃശ്ശൂർ. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. അവശനിലയിൽ കണ്ടെത്തിയ യുവതിക്കായി റെയിൽവേ പോലീസ് ആംബുലൻസ് എത്തിക്കുന്നതിനിടയിൽ പ്രസവിക്കുകയായിരുന്നു. പിന്നീട് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവരക്ഷ നടത്തി. പെൺകുഞ്ഞിന് ജന്മം നൽകിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നു പത്തരയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എസ്കലേറ്ററിന് സമീപമാണ് യുവതിയെ അവശനിലയിൽ കണ്ടെത്തുന്നത്. യാത്രക്കാർ അറിയിച്ചത് പ്രകാരം റെയിൽവേ പോലീസ് എത്തി ആംബുലൻസ് സജ്ജീകരിച്ചു. എന്നാൽ ഇതിനിടയിൽ യുവതി പ്രസവിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവ രക്ഷ. ക്ലീനിങ് സ്റ്റാഫായ സുഹറ കുട്ടിയുടെ പൊക്കിൾകൊടി മുറിച്ചുമാറ്റി. അതിനുള്ള കത്രിക തൊട്ടടുത്ത ചായക്കടയിൽ നിന്ന് പുരുഷ പോലീസുകാർ എത്തിച്ചു. അങ്ങനെ സിനിമയെ വെല്ലുന്ന രംഗങ്ങൾക്കൊടുവിൽ ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് റെയിൽവേ പ്ലാറ്റ്ഫോമിൽ സുഖപ്രസവം.

രണ്ടു ജീവനുകൾ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് മറ്റു ജീവനക്കാരും. പിന്നീട് ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement