വാർത്താനോട്ടം

Advertisement


2024 ആഗസ്റ്റ് 21 ബുധൻ

🌴കേരളീയം🌴

🙏 കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2 ചക്രവാതചുഴിയും മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0 .9 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ അതിശക്ത മഴക്ക് കാരണം.

🙏 പതിമൂന്ന് ഇനങ്ങളുള്ള ഓണക്കിറ്റ് സംസ്ഥാനത്തെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബര്‍ 6 മുതല്‍ ആരംഭിക്കും. ജൈവ പച്ചക്കറിയും, ഓണം ഫെയറുകളും ഒരുക്കും.

🙏 സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

🙏 തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നല്‍കണം.

🙏 ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ. കൊച്ചുവേളിയില്‍ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ് 16 തേര്‍ഡ് എ.സി കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ചിരിക്കുന്നത് .

🙏 ജസ്‌ന തിരോധാന കേസില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചു. മുണ്ടക്കയം ലോഡ്ജിന്റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി.

🙏 മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം.

🙏 കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കൈറ്റ് തയ്യാറാക്കി. ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് എറണാകുളം കൈറ്റ് കേന്ദ്രത്തില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനം നിര്‍വഹിക്കും.

🙏 പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദലിത്, ആദിവാസി സംഘടനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താല്‍ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്നും ബലം പ്രയോഗിച്ചോ, നിര്‍ബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

🙏 പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം. ഏരിയാ കമ്മിറ്റിയംഗം അന്‍സാരി അസീസിനെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തോമസ് ഐസക്കിനെ പരിഹസിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി.

🙏 ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ്ണം തട്ടിയെടുക്കാനായി മുന്‍ മാനേജര്‍ പകരം വെച്ച വ്യാജ സ്വര്‍ണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മധു ജയകുമാര്‍ വച്ച 26 കിലോ വ്യാജ സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. ബാങ്കില്‍ നിന്നും 40 കോടിയോളം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വര്‍ണ പണയത്തില്‍
വായ്പയെടുത്തത്.

🙏 രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം നാല് പേര്‍ കര്‍ണാടകയിലെ മംഗളൂരുവില്‍ അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

🙏 ഓണ്‍ലൈന്‍ ലോണ്‍ എടുത്ത യുവതി ലോണ്‍’ നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് മത്സരിക്കുന്നത്. അസമില്‍ മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തെലി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ത്രിപുരയില്‍ രജീബ് ഭട്ടാചാരി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

🙏 ബിസിസിഐ സെക്രട്ടറി ജയ് ഷാ പുതിയ ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായ ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.