ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ

Advertisement

ഷിരൂർ. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡ്രഡ്ജർ എത്തിക്കാനുള്ള നടപടികൾ നടക്കുന്നുവെന്നാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നത്. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

ഷിരൂർ ദൗത്യത്തിൽ  സാധ്യമായതെല്ലാം ചെയ്തുവെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മോശം കാലാവസ്ഥയും, പുഴയിലെ ശക്തമായ അടിയൊഴുക്കും ദൗത്യത്തെ പലതവണ പ്രതികൂലമായി ബാധിച്ചു. ഡ്രഡ്ജർ എത്തിച്ച് പുഴയ്ക്ക് അടിത്തട്ടിലെ മണ്ണും കല്ലും നീക്കം ചെയ്യാതെ നിലവിൽ തിരച്ചിൽ സാധ്യമല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഗോവയിൽ നിന്ന് ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു എന്ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഗംഗാവലി പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തി. എന്നാൽ ഡ്രഡ്ജർ എത്തിക്കാനുള്ള ആകെ ചിലവായ 96 ലക്ഷം രൂപ ആര് വഹിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. ഫണ്ട്‌ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതായത് ഡ്രഡ്ജറിന്റെ ചിലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സാരം. കേസ് കർണാടക ഹൈക്കോടതി അടുത്ത മാസം 18ന് വീണ്ടും പരിഗണിക്കും

Advertisement