തസ്മിദ് ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ എത്തി; പുറത്തേക്ക് പോയ കുട്ടി ഗുവഹാത്തിയിലേക്ക് പോയോ? അന്വേഷണം തുടരുന്നു

Advertisement

തിരുവനന്തപുരം:കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ മുതൽ കാണാതായ തസ്മിദിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം. കുട്ടി നാഗർകോവിലിൽ ഇറങ്ങിയെന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്നലെ 3.03ന് കുട്ടി ട്രെയിനിൽ നിെന്നും നാഗർകോവിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. കുപ്പിയിൽ വെള്ളമെടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം കുട്ടി രാവിലെ 6.30 ന് ചെന്നൈയിലെ എഗ്മൂറിലെത്തിയതായുള്ള സിസിടിവി ദൃശ്യം പുറത്ത് വന്നു. സ്റ്റേഷനിൽ നിന്ന് ബാറ്ററി കാറിൽ മൂന്നാമത്തെ ഗേറ്റിനടുത്ത് എത്തി ,തുടർന്ന് പുറത്തേക്ക് പോയി. യാത്ര മുൻ നിശ്ചയപ്രകാരമെന്ന സംശയത്തിൽ 5 അംഗ പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ബംഗ്ലൂരുവിലുള്ള സഹോദരൻ്റെ ഒത്താശ ഇക്കാര്യത്തിൽ കുട്ടിക്ക് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇന്നലെ ഉച്ചയ്ക്ക് 1.06ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിലാണ് കുട്ടി കയറിയത്. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥിനി പകർത്തിയ ചിത്രം പോലീസിന് ലഭിച്ചിരുന്നു.
അതേസമയം കന്യാകുമാരി റെയിൽവേ സ്‌റ്റേഷനും ബീച്ചും അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷന് അകത്തെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല.

Advertisement